Festival and Events

ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ദേശീയ സമകാല കലാപ്രദര്‍ശനം ആരംഭിച്ചു

രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ദേശീയ കലാപ്രദര്‍ശനം ശംഖുമുഖം ആര്‍ട്ട് മ്യൂസിയത്തില്‍ ആരംഭിച്ചു.ശരീരം എന്ന വിഷയത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 56 കലാകാരന്‍മാരുടെ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.


കലാകാരന്‍ എം.എല്‍.ജോണി ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനത്തില്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, കലാവിന്യാസങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യശരീരത്തിന്റെ സാധ്യതകള്‍, ആന്തരികമായും ബാഹ്യമായും നേരിടുന്ന പ്രശ്‌നങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം.

മാര്‍ച്ച് 31 വരെ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെബ്രുവരി 22 മുതല്‍ 27 വരെ ശംഖുംമുഖം ബീച്ച് ഫെസ്റ്റിവലും നടത്തും. ശരീരവുമായി വ്യത്യസ്തതലത്തില്‍ ബന്ധപ്പെടുന്ന വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന സെമിനാര്‍, ആര്‍ട്ട് കളക്ടേഴ്‌സ് സംഗമം, ചലച്ചിത്രപ്രദര്‍ശനം, കലാകാരന്മാരുമായുള്ള സംവാദം, പ്രഭാഷണങ്ങള്‍ എന്നിവ വിവിധ ദിവസങ്ങളില്‍ നടക്കും

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, സ്ഥിരംസമിതി ചെയര്‍മാന്‍ പുഷ്പലത എന്നിവര്‍ പങ്കെടുത്തു. കാലവര്‍ഷക്കാലത്ത് കടല്‍കയറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന ശംഖുംമുഖം തീരത്ത് പിന്നീട് നടക്കുന്ന കലാസംഗമമാണ് പ്രദര്‍ശനം.

തകര്‍ന്ന തീരത്ത് അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് സന്ദര്‍ശകരുടെ തിരക്കും ഉണ്ടായിരുന്നു. തീരത്തിന് ഉണര്‍വു പകരാനുള്ള ശ്രമമാണ് പ്രദര്‍ശനത്തിലും അനുബന്ധപരിപാടികളിലൂടെയും നഗരസഭ ലക്ഷ്യമിടുന്നത്.