ശിശുസൗഹൃദ അന്തരീക്ഷമൊരുക്കി നോര്‍ത്ത് പോലീസ് സ്റ്റേഷന്
കുട്ടികളുടെ ഏക്കാലത്തെയും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ മിക്കിമൗസും മിന്നിമൗസും കൈകൊടുക്കുന്ന ചിത്രത്തോടെയുള്ള ഭിത്തികണ്ടാല്‍ പ്ലേസ്കൂള്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ ഉറപ്പിക്കും. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനാണ് ഈ പുതിയ മുഖം സ്വീകരിച്ചിരിക്കുന്നത്.
കേരള പോലീസ് വിഭാവനം ചെയ്തിട്ടുള്ള ചില്‍ഡ്രന്‍സ് ആന്‍ഡ് പോലീസി(ക്യാപ്)ന്റെ ഭാഗമായാണ് നോര്‍ത്ത് പോലീസ് സ്റ്റേഷനകത്ത് കുട്ടികള്‍ക്കായി ഒരു മുറി ഒരുക്കിയത്. തൊട്ടില്, ബാലമാസികകള്‍, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍, കുട്ടികള്‍ക്ക് ഉറങ്ങാനായി കട്ടില് തുടങ്ങി ഏതൊരു കുട്ടിയെയും ആകര്‍ഷിക്കുന്ന കാര്യങ്ങളാണ് മുറിക്കകത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10-ന് നോര്‍ത്ത് പോലീസ് സ്റ്റേഷന് ശിശുസൗഹൃദ പോലീസ് സ്റ്റേഷന് ആയി ഉയര്‍ത്തിയ ചടങ്ങില്‍ ഐ.ജി. പി. വിജയ് സാഖറെ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ഡി.സി.പി ഹിമേന്ദ്രനാഥ്, അഡ്മിനിസ്ട്രേഷന് ഡി.സി.പി. സജീവന്, എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
എയര്‍കണ്ടിഷന്‍ ചെയ്ത മള്‍ട്ടി ജിം, യോഗ പരിശീലന കേന്ദ്രം, ടേബിള്‍ ടെന്നീസ് കോര്‍ട്ട്, കാരംസ്, ചെസ്, വിശാലമായ മീറ്റിങ് ഹാള്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും പോലീസ് സ്റ്റേഷനില്‍ ഒരുക്കുമെന്ന് പോലീസ് അറിയിച്ചു.