News

വിസ ഇനത്തില്‍ ചെലവ് കുറച്ച വിദേശ രാജ്യങ്ങള്‍

വിസയുടെ പൈസ ഒന്നും തരേണ്ട, വരാന്‍ തോന്നിയാല്‍ ഇങ്ങോട്ടു വന്നോളൂ, എന്നാണ് ലോക രാജ്യങ്ങള്‍ ഇന്ത്യന്‍ സഞ്ചാരികളെ ക്ഷണിക്കുന്നത്. വന്യമായ സൗന്ദര്യം കാട്ടി കൊതിപ്പിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക വിളിക്കുമ്പോളും വിസ്മയങ്ങള്‍ കാണാന്‍ മലേഷ്യ വിളിക്കുമ്പോഴും തായ്ലന്‍ഡ് വിളിക്കുമ്പോഴും പറയുന്നത് വിസയുടെ പൈസ വേണ്ട നിങ്ങള്‍ ഒന്നിങ്ങോട്ട് വന്നാല്‍ മതി എന്നാണ്. ഇന്ത്യന്‍ യാത്രികരെ ആകര്‍ഷിക്കാനുള്ള പോളിസിയുടെ ഭാഗമായാണ് ഈ രാജ്യങ്ങള്‍ കൂട്ടത്തോടെ വിസ ഫീസ് ഒഴിവാക്കുകയോ വലിയ രീതിയില്‍ കുറയ്ക്കുകയോ ചെയ്യുന്നത്.

ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ വിദേശ യാത്ര ഇന്ത്യന്‍ യാത്രക്കാര്‍ക്ക് വളരെ ചിലവേറിയതായി മാറിയിരുന്നു. ഇന്ത്യന്‍ യാത്രികരുടെ എണ്ണത്തിലുള്ള പ്രകടമായ കുറവ് പരിഗണിച്ചാണ് ഈ വിദേശ യാത്രികരൊക്കെ വിസ ഇനത്തില്‍ വരുന്ന ചിലവ് കുറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിസ ലഭിക്കാനുള്ള കാലതാമസത്തെയും ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂര്‍ ഓപ്പറേറ്ററുമാര്‍ നിരന്തരം പരാതി പറയുകയായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാനും ലോക രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്.

വിസ ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കി അതിനുള്ള പ്രക്രിയ ലളിതമാക്കാനായി ദക്ഷിണാഫ്രിക്ക ഗവണ്‍മെന്റ് മുംബൈയിലുള്ള ടൂര്‍ ഓപ്പറേറ്ററുമായി സംയുക്തമായി ഒരു സ്‌കീം തയ്യാറാക്കുന്നുണ്ട്. സാധാരണയായി 7 ദിവസത്തിനുള്ളില്‍ വിസ ലഭിക്കും എന്ന് പറയുമെങ്കിലും പിന്നെയും വൈകാറുണ്ട്. ഈ സ്‌കീം പ്രാബല്യത്തില്‍ വരുന്നതോടെ ഈ കാലതാമസത്തിനു ഒരു അറുതി വരുമെന്നാണ് ടൂര്‍ ഓപ്പറേറ്ററുമാരുടെയും സഞ്ചാരികളുടെയും പ്രതീക്ഷ.

15 ദിവസത്തേക്ക് മലേഷ്യന്‍ ഗവണ്‍മെന്റ് വിസ ഫീസുകള്‍ ഉപേക്ഷിക്കുമെന്നാണ് പ്രഖ്യാപിക്കുന്നത്. അപ്പോള്‍ വെറും 20 ഡോളറുകള്‍ മാത്രം മുടക്കി നിങ്ങള്‍ക്ക് വിസ കയ്യില്‍ കിട്ടും.ഏപ്രില്‍ വരെ വിസയിനത്തില്‍ ഫീസുകളൊന്നും തന്നെ സഞ്ചാരികളുടെ കയ്യില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തായ്ലന്‍ഡ് ഗവണ്‍മെന്റിന്റെ തീരുമാനം. കെനിയയും ഫീസിനത്തില്‍ ഇളവുകള്‍ നല്‍കാനിരിക്കുകയാണ്.

2015ല്‍ 80000 വിനോദ സഞ്ചാരികള്‍ മാത്രമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. എന്നാല്‍ 2018 അവസാനിക്കുമ്പോള്‍ സഞ്ചാരികളുടെ എണ്ണം 125000 ആയി വര്‍ധിച്ചു. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ നല്കാന്‍ തീരുമാനിച്ചത് കൊണ്ടാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതെന്നാണ് കെനിയ ടൂറിസം വകുപ്പ് കണ്ടെത്തുന്നത്. വിസ ഇനത്തില്‍ പരമാവധി ഇളവുകള്‍ നല്‍കിക്കൊണ്ടാണ് ഈ വര്‍ഷവും ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നത്.

താരതമ്യേനെ ഇന്ത്യന്‍ യാത്രികര്‍ പര്യവേഷണം നടത്താത്ത കസാക്കിസ്താനും ഗ്രീസും പോലും ഈ വര്‍ഷം ഇന്ത്യന്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ്.