ബിക്കിനി ഹൈക്കര്‍; യാത്രകളെ പ്രണയിച്ച സുന്ദരി

ബിക്കിനി ഹൈക്കര്‍ ലോകാരാധ്യകര്‍ ഏറെയുള്ള സഞ്ചാര സുന്ദരിയാണ്. എന്നാല്‍ യാത്രകളെ അത്രകണ്ട് സ്‌നേഹിച്ച ആ സുന്ദരിക്ക് കാലം കാത്ത് വെച്ചത് ദാരുണമായ അന്ത്യമായിരുന്നു. ജിഗി വൂവ് എന്ന തായിവാന്‍ സ്വദേശിയാണ് ലോകം അറിയുന്ന ബിക്കിനി ഹൈക്കറായി മാറിയത്.


ആരാണ് ബിക്കിനി ഹൈക്കര്‍ എന്ന യുവതി

മാനം മുട്ടി നില്‍ക്കുന്ന പര്‍വതങ്ങളെ കീഴടക്കുകയും ആ പര്‍വ്വതാഗ്രത്തില്‍ ബിക്കിനി അണിഞ്ഞുകൊണ്ടു നിന്നു ചിത്രങ്ങള്‍ പകര്‍ത്തുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുമാണ് ജിഗി വൂ പ്രശസ്തയായത്. ധാരാളം ആരാധകരെയും അവര്‍ ഇങ്ങനെ സമ്പാദിച്ചിരുന്നു. 2018 ല്‍ ഫോക്കസ് തായ്വാന്‍ എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജിഗി പറഞ്ഞിരുന്നു, ഒരു സുഹൃത്തുമായി പന്തയം വെച്ചാണ് താന്‍ ആദ്യമായി ബിക്കിനി അണിഞ്ഞു പര്‍വതമുകളില്‍ നിന്നും ചിത്രങ്ങളെടുക്കാന്‍ തുടങ്ങിയതെന്ന്. പിന്നീട് അത്തരം ചിത്രങ്ങളും സെല്‍ഫികളുമാണ് ജിഗിയെ പ്രശസ്തയാക്കിയത്.

തായ്വാന്‍ ആണ് ജിഗിയുടെ സ്വദേശം. ഹൈക്കിങ് ഒരു ഹരമായി കൊണ്ടുനടന്ന ഒരു യാത്രാപ്രേമിയായിരുന്നു അവര്‍. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ നൂറോളം പര്‍വതങ്ങളെ കീഴടക്കിയെന്നു പല അഭിമുഖങ്ങളിലും അവര്‍ അവകാശപ്പെട്ടിരുന്നു. 36 വയസുകാരിയായ ഈ ഏകാന്ത യാത്രിക, സെന്‍ട്രല്‍ യൂഷാന്‍ പര്‍വതത്തിന്റെ മുകളിലേക്കുള്ള യാത്രാമധ്യേയാണ് അപകടത്തില്‍പ്പെടുന്നത്. 65 അടി മുകളില്‍ നിന്നും താഴേയ്ക്ക് പതിച്ച അവര്‍ക്കു കാലിനു സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

തായ്വാനിലെ ഏറ്റവും ഉയരമുള്ള പര്‍വതമാണിത്. കഴിഞ്ഞ 25 ദിവസമായി തനിച്ചു യാത്ര ചെയ്യുകയായിരുന്നു അവര്‍. ആ യാത്രയുടെ ലക്ഷ്യം തനിക്കുമുമ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊടുമുടികളെ തന്റെ കാല്‍ചുവട്ടിലാക്കുക എന്നതായിരുന്നു. യാത്രകള്‍ തനിച്ചായതുകൊണ്ടു തന്നെ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാറുള്ള ജിഗി താന്‍ അപകടത്തില്‍പ്പെട്ട വിവരം യഥാസമയം രക്ഷാപ്രവര്‍ത്തകരെ അറിയിച്ചുവെങ്കിലും മോശമായ കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താമസിച്ചു.

രക്ഷിക്കാനായി മൂന്നു തവണ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഒടുവില്‍ 28 മണിക്കൂറിനു ശേഷം ജിഗിയെ കണ്ടെത്തുമ്പോഴേക്കും ആ ശരീരം മഞ്ഞിലുറഞ്ഞു പോയിരുന്നു. ഹൈക്കിങ്ങില്‍ ഏറെ പരിചയസമ്പത്തുണ്ടായിരുന്ന ജിഗിയ്ക്കു ഇത്തരത്തില്‍ ഒരു ദുരന്തം എങ്ങനെ സംഭവിച്ചു എന്ന ആശങ്കയിലാണ് ഇപ്പോഴും അവരുടെ ആരാധകര്‍ക്കെല്ലാം.

ജനുവരി 18 നാണു ജിഗി അവസാനമായി ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പര്‍വ്വതാഗ്രത്തില്‍… മേഘങ്ങളെ തൊട്ടുകൊണ്ടുള്ള ജിഗിയുടെ ജീവസുറ്റ ചിത്രങ്ങള്‍, അവരിലെ സഞ്ചാരിയ്ക്കു മരണമില്ല എന്ന് എക്കാലവും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.