കേരള ബജറ്റ്; ടൂറിസത്തിന് 372 കോടി, അടിസ്ഥാന വികസനത്തിനായി 132 കോടി അനുവദിച്ചു

പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റും ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചു.


ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയെ സംബന്ധിച്ച് ഏറെ പ്രയോജനകരമായ ബജറ്റാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് കേരള ടൂറിസത്തിനായി 372 കോടി രൂപയാണ് മാറ്റി വെച്ചത്. മൊത്തം ബജറ്റില്‍ നിന്ന് 82 കോടി രൂപ ടൂറിസം രംഗത്തെ മാര്‍ക്കറ്റിങ്ങിനായി മാറ്റി വെച്ചു.

ടൂറിസം മേഖലയുടെ വിജയത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം വിജയകരമായ മാര്‍ക്കറ്റിങ്ങാണ്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഫലപപ്രദമായ പ്രചരണത്തിന്റെ പിന്‍ബലത്തിലാണ് സംരംഭകത്വം കേരളത്തില്‍ വിജയിച്ചത്. സമീപകാലത്ത് നിപ്പയും, പ്രളയവും, നിരുത്തരവാദപരമായ ഹര്‍ത്താലകളും സൃഷ്ടിച്ച തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നമ്മുടെ പ്രചാരണം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് മന്ത്രി ബജറ്റ് അവതരണത്തിനടയില്‍ പറഞ്ഞു.

ഗവണ്‍മെന്റിന്റെ ഉചിതമായി പദ്ധതികള്‍ക്കനുസരിച്ച് മാര്‍ക്കറ്റിങ്ങിന് അനുവദനീയമായ കൂടുതല്‍ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന വികസനത്തിനായി 132 കോടി രൂപ വകവരുത്തിയിട്ടുണ്ട്. മുഴുപ്പിലങ്ങാട് ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി ഈ വര്‍ഷം ആരംഭിക്കും. ആക്കുളം ടൂറിസം പദ്ധതി കിഫ്ബിയുടെ പരിഗണനിയിലാണ്.

ഡിറ്റിപിസികള്‍ക്ക് 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെ ടി ഡി സികള്‍ക്ക് 8 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ടൂറിസം ഡെസ്റ്റിനേഷനുകളുടെ മാനേജ്‌മെന്റ് പങ്കാളിത്തം കെ ടി ഡി സിയ്ക്ക് നല്‍കി.

ഈ വര്‍ഷം ആരംഭിക്കുന്ന പുതിയൊരു സ്‌കീം കേരള ടൂറിസം എന്റര്‍പ്രണര്‍ഷിപ്പ് ഫണ്ടാണ്. നൂതനമായ ആശയങ്ങള്‍, പ്രൊജക്ടുകള്‍ അല്ലെങ്കില്‍ പരിഹാര നിര്‍ദേശങ്ങള്‍ ഉയര്‍ത്തുന്ന അഭ്യസ്തവിദ്യരായ സംരംഭകര്‍ക്ക് ഈ ഫണ്ടില്‍ നിന്ന് ധനസഹായം ലഭ്യമാക്കും. ടൂറിസം സാധ്യതയുള്ള സ്വകാര്യ കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വകാര്യ സംരംഭകര്‍ക്ക് അനുബന്ധസൗകര്യങ്ങള്‍ ഒരുക്കുന്നതിന് 4 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്.