Kerala

പുതിയ പദ്ധതിയുമായി ശെന്തരുണി ഇക്കോടൂറിസം

ശെന്തരുണിയുടെ ഭംഗി ആസ്വദിക്കാന്‍ തെന്‍മലയിലെത്തുന്ന സഞ്ചാരികള്‍ക്ക് മുളയില്‍ ഒരുക്കിയെടുത്ത ചങ്ങാടത്തില്‍ ചുറ്റി അടിക്കാന്‍ പുത്തന്‍ പദ്ധതികളുമായി വനംവകുപ്പിന്റെ ശെന്തരുണി ഇക്കോടൂറിസം തയ്യാറാവുന്നു.


പശ്ചിമഘട്ടത്തിന്റെ മലനിരകള്‍ ,മാനം മുട്ടെ നില്‍ക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ഒരുപകലും രാത്രിയും തങ്ങാനുള്ള സൗകര്യം ഉള്‍പ്പെടുന്ന പദ്ധതിയാണ് വനം വകുപ്പ് ഒരുക്കുന്നത്.

മുളംചങ്ങാടത്തിന് പുറമെ കുട്ടവഞ്ചിയും, പുത്തന്‍,ജീപ്പ് സവാരിയും ഒരുക്കിയിട്ടുണ്ട്. പ്രത്യേക പാക്കേജുകളുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്താനാണ് അധികൃതരുടെ തീരുമാനം. പതിനഞ്ചുപേര്‍ക്കോളം ഇരിക്കാന്‍കഴിയുന്ന മുളംചങ്ങാടം സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ചുകഴിഞ്ഞു. ചങ്ങാട യാത്രയില്‍ തെന്മല പരപ്പാര്‍ ഡാമിന് മുകള്‍ ഭാഗത്തുള്ള കാനനഭംഗി മതിവരുവോളം ആസ്വദിക്കാം.

ഡാമിന്റെ പ്രധാന പോക്ഷക നദിയായ കഴുതുരുട്ടി ആറിന്റെ രംഗപ്രവേശനവും ഇവിടെ കാണാന്‍ കഴിയും. മുളം ചങ്ങാടത്തിനുള്ള സഞ്ചാരത്തിന് ഒരാള്‍ക്ക് 100 രൂപയാണ്. കൂടാതെ പരമാവധി 15 പേര്‍ക്ക് കളംകുന്ന് ഭാഗത്ത് രാത്രി താമസത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കളംകുന്നത്ത് ഒരു കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൗകര്യവും അധികൃതര്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. താമസത്തിന് പുറമെ ഇവിടെ തന്നെ ആഹാരം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ട്രെക്കിങ്ങിനും ബോട്ടിങ്ങിനുമുള്ള സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കളംകുന്നില്‍ നിന്നുള്ള ബോട്ട് സവാരി

ചെറുദ്വീപില്‍ നിന്ന് നോക്കുമ്പോള്‍ പശ്ചിമഘട്ട മലനിരകളും കൂട്ടമായി നില്‍ക്കുന്ന കാരാഞ്ഞിലി വൃക്ഷത്തിന്റെ തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ചകളുമുണ്ട്. കൂടാതെ വിവിധ ഇനത്തിലുള്ള പക്ഷികളുടെ ആവാസമേഖലകൂടിയാണ് ഈ ഭാഗം. രണ്ട് പേര്‍ക്ക് 7500 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്. പിന്നീടുള്ള ഓരോരുത്തര്‍ക്കും 1500 വീതവും.

സഞ്ചാരികള്‍ക്കായി പ്രത്യേക ബോട്ട് സവാരിയും ഒരുക്കിയിട്ടുണ്ട്. ആന, കാട്ടുപോത്ത്, മാന്‍, പന്നി തുടങ്ങിയ മൃഗങ്ങളെ ബോട്ടുയാത്രക്കിടയില്‍ കാണാന്‍ കഴിയുന്നു. വനം വകുപ്പിന്റെ തുറന്ന ബോട്ടിലെ സവാരിയില്‍ മൃഗങ്ങളെ വ്യക്തമായി കാണാന്‍ കഴിയുന്നതാണ് പ്രത്യേകത. പരപ്പാര്‍ ഡാമില്‍ വെള്ളം കുറയുന്ന സമയത്താണ് കൂടുതലും മൃഗങ്ങളെ കാണുന്നത്. ബോട്ട് യാത്രയില്‍ തെന്മല ഡാം വരുന്നതിന് മുന്‍പ് കരിമ്പിന്‍ തോട്ടമായിരുന്ന ഈഭാഗത്ത് അന്ന് തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന വെള്ളമെടുക്കാനുള്ള കല്ലില്‍ കെട്ടിയ ടാങ്കുകളും സഞ്ചാരികള്‍ക്ക് കൗതുകമാകും.

കൂടാതെ കളംകുന്ന് ഭാഗത്ത് സഞ്ചാരികള്‍ക്ക് പശ്ചിഘട്ട കാഴ്ചകള്‍ ആസ്വദിക്കാനും ജീപ്പ് സവാരി നടത്തുന്നതിനും പ്രത്യേക പാക്കേജുണ്ട്. ഇത് സഞ്ചാരികള്‍ക്ക് വളരെ ഇഷ്ടപെടുന്നു.കേരളം,തമിഴ്‌നാട് ഭാഗങ്ങളിലെ സഞ്ചാരികള്‍ ഇതിനകം തിരക്ക് തുടങ്ങിക്കഴിഞ്ഞു. ഒരു പ്രത്യേക സംസ്‌കാരത്തെയും പശ്ചിമഘട്ടത്തെയും പ്രകൃതിയെയും തൊട്ടറിയാനും അത്യപൂര്‍വ്വമായ കാഴ്ചകള്‍ നുകരാനും ക്യാമറയില്‍ പകര്‍ത്താനും സഞ്ചാരികള്‍ തെന്മല വനം വകുപ്പിന്റെ ശെന്തുരുണിയിലേക്ക് ഒഴുകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.