ഐസ് ലാന്റിലെത്തിയാല്‍ ബിയറില്‍ നീരാടാം

യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപെന്ന സവിശേഷതയുള്ള ഐസ്ലാന്‍ഡില്‍ ജന്തുവൈവിധ്യം വളരെ കുറവെങ്കിലും കാഴ്ചകള്‍ക്കു യാതൊരു പഞ്ഞവുമില്ല. സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ കാണാന്‍ കഴിയുന്ന നാടെന്ന പ്രത്യേകതയുണ്ട് ഈ ദ്വീപിന്.


നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും നോര്‍ത്തേണ്‍ ലൈറ്റ്‌സ് എന്നറിയപ്പെടുന്ന പ്രതിഭാസവുമൊക്കെ ഈ നാട്ടിലെ മനോഹര കാഴ്ചകളാണ്. അധിക ചെലവില്ലാതെ കാഴ്ചകള്‍ ആസ്വദിച്ചു മടങ്ങാന്‍ കഴിയുമെന്നതും ഐസ്ലാന്‍ഡിന്റെ പ്രത്യേകതയാണ്. കാഴ്ചകള്‍ കൊണ്ടു സമ്പന്നമാണ് ഐസ്ലാന്‍ഡ്.

ചില്‍ഡ് ബിയര്‍ മിക്കവര്‍ക്കും വീക്കനെസ്സാണ്. ബിയര്‍ കുളിക്കാനും സൂപ്പറാണ്. കണ്ണുതള്ളേണ്ട. ബിയര്‍ ബാത്ത് ആരോഗ്യത്തിന് ഗുണകരമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് ഐസ് ലാന്‍ഡിലെ ബിയര്‍ സ്പാ.

ഐസ് ലാന്‍ഡിലെ ബ്ജോര്‍ഡബോഡിന്‍ എന്ന സ്പാ സെന്ററിലാണ് ബിയര്‍ ബാത് ഒരുക്കിയിരിക്കുന്നത്. ബിയര്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നു തെളിയിക്കപ്പെട്ടതിന്റെ സൂചനയാണ് മാര്‍ക്കറ്റില്‍ ലഭ്യമായ ബിയര്‍ ഷാംപൂകള്‍. എന്നാല്‍ വലിയൊരു ബിയര്‍ ടബ്ബില്‍ കിടക്കുന്ന കാര്യമോ ബിയറിലുള്ള മുങ്ങിക്കുളി അതാണ് ബിയര്‍ സ്പാ. നിരവധി സഞ്ചാരികളാണ് ഇവിടെ ബിയര്‍ ബാത്തിനായി എത്തിച്ചേരുന്നത്.

കംമ്പാല തടികളില്‍ നിര്‍മിച്ച ടബ്ബുകളാണ് ബിയര്‍ ബാത്തിനായി ഒരുക്കിയിരിക്കുന്നത്. ഒരു ടബ്ബില്‍ 2 പേര്‍ വീതം ഒരു മണിക്കൂറില്‍ 14 പേര്‍ക്ക് ഒരുമിച്ച് ബിയര്‍ സ്പാ ചെയ്യാം. ടബ്ബില്‍, ബിയറിന് പുറമേ വെള്ളം, യീസ്റ്റ് എന്നിവയും ചേര്‍ക്കും.

ഒപ്പം നല്ല ചില്‍ഡ് ബിയര്‍ കുടിക്കാനും കിട്ടും. പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ചൂടുവെള്ളത്തോടൊപ്പം പുളിക്കാത്ത ബിയറായ യംഗ് ബിയര്‍ കലര്‍ത്തും ഒപ്പം ബ്രൂവേഴ്‌സ് യീസ്റ്റും ചേര്‍ക്കും വിറ്റമിന്‍ ബി ധാരാളമായി അടങ്ങിയുള്ള ഈ മിശ്രിതം ചര്‍മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണെന്നു പറയുന്നു. സുഗന്ധതൈലങ്ങളും ചേര്‍ക്കുന്നുണ്ട്. മിശ്രിതത്തിന്റെ ചേരുവകളെല്ലാം ഇക്കൂട്ടര്‍ പറയാന്‍ തയാറല്ല. 20 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ ബിയര്‍ കുടിക്കാന്‍ നല്‍കുകയുള്ളു. 16 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളോടൊപ്പം വന്നാല്‍ മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.

ഗുണങ്ങള്‍ ഏറെ

മുടിക്കും, ചര്‍മത്തിനും പുത്തനുണര്‍വ് പകരാന്‍ ബിയര്‍ ബാതിന് കഴിയും. ബിയറില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി താരനെ പ്രതിരോധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ടബ്ബുകള്‍ എല്ലാം തന്നെ ബിയര്‍ നിറച്ച് സജ്ജമാക്കിട്ടുണ്ടാവും ഒപ്പം എല്ലാ മുറികളിലും ബിയര്‍ ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. 25 മിനിറ്റ് നേരം ബിയര്‍ ടബ്ബില്‍ മുങ്ങികിടന്ന ശേഷം വീണ്ടും 25 മിനിറ്റ് ടബ്ബില്‍ നിന്നും മാറി വിശ്രമിക്കണം. എന്നാല്‍ മാത്രമേ ബിയറിന്റെ ഗുണങ്ങള്‍ ശരീരത്തില്‍ കൃത്യമായി ലഭിക്കുള്ളൂ. ഒരേസമയം എട്ടുപേര്‍ക്കധികം ഇരിക്കാവുന്ന വലിയ ടബ്ബുകളും സ്പായ്ക്ക് പുറത്തായി ഒരുക്കിയിട്ടുണ്ട്. ബിയറില്‍ മുങ്ങികുളിക്കണോ? എങ്കില്‍ െഎസ്ലാന്‍ഡിലേക്ക് പറക്കാം.