കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ബഹ്റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്റൈന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്തിമ അനുമതിക്കു ശേഷമായിരിക്കും ബുക്കിങ് തുടങ്ങുകയെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു.


ബുധനാഴ്ച രാവിലെ 6.45 ന് കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് ബഹ്റൈനില്‍ എത്തും. ബഹ്റൈനില്‍ നിന്നു 9.45 ന് പുറപ്പെട്ട് 10.45ന് കുവൈത്തില്‍ എത്തും. തിരിച്ച് കുവൈത്തില്‍ നിന്നു പ്രാദേശിക സമയം 11.45 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45 ന് കണ്ണൂരില്‍ എത്തുന്ന രീതിയില്‍ ആണ് ക്രമീകരണം. ശനിയാഴ്ച രാവിലെ 7.10ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനം പ്രാദേശിക സമയം 9.10 ന് ബെഹറിനില്‍ എത്തും. 10.10 ന് ബെഹറിനില്‍ നിന്നും പുറപ്പെടുന്ന വിമാനം 11.10 ന് കുവൈത്തില്‍ ഇറങ്ങും. തിരിച്ച് 12.10 ന് കുവൈത്തില്‍ നിന്നു പുറപ്പെടുന്ന വിമാനം രാത്രി 7.10 ന് കണ്ണൂരില്‍ എത്തും.

മറ്റ് എയര്‍ലൈന്‍സും കുവൈത്തിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്.മാര്‍ച്ച് മുതല്‍ ഗള്‍ഫില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ആഴ്ചയില്‍ 4 ദിവസമുള്ള ഷാര്‍ജ- കണ്ണൂര്‍ സര്‍വീസ് പ്രതിദിന സര്‍വീസ് ആയി ഉയര്‍ത്തും. കണ്ണൂര്‍- അബുദാബി സര്‍വീസ് ആഴ്ചയില്‍ 5 ദിവസമാക്കും. തിങ്കള്‍, വെള്ളി ദിവസങ്ങളിലാകും അധിക സര്‍വീസ്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നു മസ്‌ക്കത്തിലേക്ക് സര്‍വീസ് ഉണ്ടാകും. കണ്ണൂരില്‍ നിന്നു ദോഹയിലേക്ക് വെള്ളിയാഴ്ച 1 അധിക സര്‍വീസും ഉണ്ടാകും.