India

സോംനാഥ്, അംബജി ക്ഷേത്രപരിസരം വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ഗുജറാത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളായ സോംനാഥ്, അംബജി എന്നിവയെ വെജിറ്റേറിയന്‍ മേഖലയായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിജയ് രൂപാണി ക്ഷേത്രങ്ങളെ വെജിറ്റേറിയന്‍ മേഖലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധി വരെയാണ് ഈ നിയമം ബാധകം.

സോംനാഥ് ക്ഷേത്രം ഗിര്‍-സോംനാഥ് ജില്ലയിലും അംബജി ക്ഷേത്രം ബനസ്‌കന്ത ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. പുതിയ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രങ്ങളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ഇനിമുതല്‍ മത്സ്യ,മാംസ വിഭവങ്ങള്‍ വില്‍ക്കാനോ കൊണ്ടു വരാനോ പാടില്ല. ബനസ്‌കന്തയിലെ പാലന്‍പുറില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വളരെ കാലമായി ഹിന്ദുമത സംഘനകള്‍ മാംസാഹാരങ്ങള്‍ ക്ഷേത്ര പരിസരത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി നിരവധി തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രങ്ങളില്‍ വര്‍ഷംതോറും എത്തുന്നത്.