സഞ്ചാരികള്‍ ഉപേക്ഷിച്ച ഇടങ്ങള്‍
അറിയാത്ത കാരണങ്ങള്‍ കൊണ്ട് വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെട്ട ഇടങ്ങള്‍…. ഒരിക്കല്‍ സ്വര്‍ഗ്ഗതുല്യമായിരുന്നുവെങ്കിലും അതിന്റെ പകിട്ടൊക്കെ എന്നേ മാഞ്ഞു കഴിഞ്ഞു എന്നു പറയുമ്പോഴും ചിലതൊക്കെ ഇനിയും ബാക്കിയാണ്. അത്ര പെട്ടന്നു കണ്ടു തീര്‍ക്കുവാന്‍ കഴിയാത്ത കാഴ്ടകളും അനുഭവങ്ങളും ഒക്കെയായി ഇന്നും സഞ്ചാരികളുടെ പാദസ്പര്‍ശനത്തിനായി കൊതിക്കുന്ന ഇടങ്ങളാണ് മലയാളം നേറ്റീവ് പ്ലാനെറ്റ് പരിചയപ്പെടുത്തുന്നത്. കാലപ്പഴക്കം കാര്യമായി തന്നെ ബാധിച്ചുവെങ്കിലും അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഇന്നും ഒളിപ്പിക്കുന്ന, യാത്രകള്‍ രക്തത്തില്‍ അലിഞ്ഞവര്‍ തേടിച്ചെല്ലേണ്ട കുറച്ച് ഇടങ്ങള്‍ നോക്കാം…
ധനുഷ്‌കോടി
തമിഴ്‌നാട് പ്രേതനഗരം എന്ന് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇടമാണ് ധനുഷ്‌കോടി. ഒരിക്കല്‍ തകര്‍ന്നടിഞ്ഞുവെങ്കിലും നിഗൂഢതകള്‍ കൊണ്ട് ഇന്നും ഒരാവരണം ഈ നഗരം തീര്‍ത്തിരിക്കുന്നു. തമിഴ്‌നാടിന്റെ തെക്കേ അറ്റത്ത്, സ്ഥിതി ചെയ്യുന്ന ഇവിടം പുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഒക്കെ ഒരുപാട് പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ്.
സാഗരങ്ങള്‍ സംഗമിക്കുന്നിടം
ബംഗാള്‍ ഉള്‍ക്കടലും ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ലങ്കാധിപതിയായ രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയപ്പോള്‍ ലങ്കയിലേക്ക് കടക്കാനായി രാമന്‍ പണിത സേതുബന്ധനത്തിന്റെ അറ്റം ഇവിടെയാണ് എന്നാണ് വിശ്വാസം. സേതുബന്ധനത്തിന്റെ പണി തുടങ്ങിയപ്പോള്‍ രാമന്‍ തന്റെ ധനുസ്സ് കൊണ്ട് ഇവിടെ അടയാളപ്പെടുത്തിയിരുന്നുവത്രെ. അങ്ങനെ ധനുസ്സിന്റെ അറ്റം എന്ന അര്‍ഥത്തിലാണ് ധനുഷ്‌കോടി ഉണ്ടായത്
1964ലെ കൊടുങ്കാറ്റ്
ധനുഷ്‌കോടിയുടെ ഇന്നു കാണുന്ന ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണമായത് 1964 ഡിസംബറില്‍ വീശിയ ചുഴലിക്കൊടുങ്കാറ്റാണ്. ഡിസംബര്‍ 22ന് ആരംഭിച്ച മഴയും കടല്‍ ക്ഷോഭവും അവസാനിച്ചത് ധനുഷ്‌കോടിയിലെ ജീവന്റെ ശേഷിപ്പുകളെ എടുത്തുകൊണ്ടായിരുന്നു. അന്ന് ഡിസംബര്‍ 22ന് പാമ്പനില്‍ നിന്നും ധനുഷ്‌കോടിയിലേക്കുള്ള ട്രയിന്‍ അതിന്റെ യാത്രക്കാരുമായി യാത്ര ആരംഭിച്ചിരുന്നു. ഏകദേശം 11.55 ഓടെ രാമേശ്വരം പിന്നിട്ടു. പെട്ടന്നു വന്ന കടല്‍ക്ഷോഭം ധനുഷ്‌കോടിയേയും തീവണ്ടിയേയും ബാക്കി വെച്ചില്ല. 140 ല്‍ അധികം ആളുകളുമായി സഞ്ചരിച്ച തീവണ്ടി അപ്പാടെ കടലെടുത്തു. ഭവനങ്ങളും ആരാധനാലയങ്ങളും കടലെടുത്തപ്പോള്‍ കൂടെപ്പോയത് രണ്ടായിരത്തോളം മനുഷ്യജീവനുകളുമായിരുന്നു. പിന്നീട് 2006 ല്‍ വീശിയടിച്ച സുനാമിയോടെ ഇവിടം തീര്‍ത്തും നശിപ്പിക്കപ്പെട്ടു.
തരംഗംബാടി
തിരമാലകള്‍ പാടുന്ന തീരം എന്നറിയപ്പെടുന്ന ഇടമാണ് തമിഴ്‌നാട്ടിലെ തരംഗംബാടി. നാഗപട്ടിണം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ യഥാര്‍ഥ നാമം ട്രാന്‍ക്യുബാര്‍ എന്നാണ്. 620 മുതല്‍ 1845 വരെ ഡെന്മാര്‍ക്കിന്റെ കോളനി ആയിരുന്നു ഈ പ്രദേശം. ഇന്നും ട്രാന്‍ ക്യുബാര്‍ എന്ന് തന്നെയാണ് ഡാനിഷ് രേഖകളില്‍ ഇതറിയപ്പെടുന്നത്.
പൗരാണികത നഷ്ടമാകാത്ത നാട്
ആധുനികത കടന്നു വരുവാന്‍ ശ്രമിക്കുമ്പോഴും അതിന്റെ പഴമയുടെ മുഖങ്ങളില്‍ ഒരു മാറ്റവും വരുത്താത്ത നാടാണ് തരംഗംബാടി. പണ്ട് ഒരു തുറമുഖമായിരുന്ന ഇവിടെ ബ്രിട്ടീഷുകാരും ഡച്ചുകാരുമാണ് ഭരിച്ചിരുന്നത്. അധികം മാറ്റങ്ങള്‍ ഒന്നും സംഭവിക്കാത്ത ഇവിടം ഇന്നും തമിഴ്‌നാട്ടിലെ ഏറ്റവും തിരക്കേറിയ കടല്‍ത്തീരങ്ങളിലൊന്നാണ്.
കോട്ടയും മ്യൂസിയവും
പഴമയുടെ കാഴ്ചകള്‍ ഏറെയുണ്ട് ഇവിടെ. ഫോര്‍ട്ട് ഡാന്‍ സ്‌ബോര്‍ഗ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങള്‍, ഡാനിഷ് മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
മാണ്ഡു
മധ്യപ്രദേശ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കഥകള്‍ ഇന്നും കേള്‍ക്കാന്‍ സാധിക്കുന്ന നാടാണ് കോട്ടെ കെട്ടി തിരിച്ചിരിക്കുന്ന മാണ്ഡു. മധ്യ പ്രദേശിലെ ധാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മാണ്ഡവ്ഗഡ് എന്നും അറിയപ്പെടുന്നു. പ്രകൃതത്തില്‍ തന്നെ ഒരു പ്രതിരോധ കേന്ദ്രമായാണ് ഇതിനെ പണ്ടുകാലത്ത് കണ്ടിരുന്നത്. ആറാം നൂറ്റാണ്ടില്‍ ഏറെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു ഇത്.
മാവ്‌ലിനോങ്
മേഘാലയ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന ഇവിടംഒരു കാലത്ത് സഞ്ചാരികള്‍ തേടിയെത്തിയിരുന്ന ഇടമായിരുന്നു. വൃത്തിയോടൊപ്പം സാക്ഷരതയുടെ കാര്യത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണിത്. ഷില്ലോങ്ങിന് സമീപം സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രസിദ്ധമായ ജീവനുള്ള വേരുപാലങ്ങളുള്ളത്.
ധോളാവീര
ഗുജറാത്ത് ഹാരപ്പന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ ഇന്നും സൂക്ഷിക്കുന്ന ഒരിടമാണ് ധോളാവീര. കച്ചിലെ കാദിര്‍ ബെയിറ്റ് എന്ന ദ്വീപിലെ 4500 വര്‍ഷം പഴക്കമുള്ളൊരു ഇവിടം സൈന്ധവ നാഗരികതയുടെ ഭാഗമായി ഇന്ത്യയില്‍ ഉള്ള പട്ടണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു കൂടിയാണ്. ധോളാവീരയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പ്രാദേശികമായി ലഭ്യമായ കല്ലുകള്‍ കൊണ്ടാണ്. മറ്റു പട്ടണങ്ങളില്‍ എല്ലാം ഇത് ചുട്ട ഇഷ്ടിക കൊണ്ടാണ്.. ധോളാവീര ഉള്‍ക്കൊള്ളുന്ന കച്ച് പ്രദേശം വെള്ളത്തിനു ബുദ്ധിമുട്ടുള്ള സ്ഥലം ആയതു കൊണ്ട് തന്നെ വലിയ ജല സംഭരണികളും ജല ശുദ്ധീകരണ സംവിധാനങ്ങളും ഇവിടെ കാണാം.. അധികം നീണ്ടു നിലക്കാത്ത മണ്‍സൂണ്‍ കാലത്തു ലഭിക്കുന്ന വെള്ളം ഒരു വര്‍ഷം മുഴുവനുള്ള ആവശ്യത്തിനായി സംരക്ഷിച്ചു വെച്ചിരുന്നു… ചരിത്രം തേടിയെത്തുന്നവര്‍ മാത്രമണ് ഇവിടുത്തെ സന്ദര്‍ശകര്‍.