India

ബീച്ചുകളില്‍ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവന്‍ സര്‍ക്കാര്‍

രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗോവയില്‍ ഇനി ബീച്ചുകളില്‍ പരസ്യമായി മദ്യപാനത്തിനും ഭക്ഷണം പാചകം ചെയ്യലിനും നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. രണ്ടായിരം രൂപ പിഴയോ മൂന്ന് മാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് ഗോവ മന്ത്രിസഭ അംഗീകാരം നല്‍കി. രജിസ്‌ട്രേഷന്‍ ഓഫ് ടൂറിസം ട്രേഡ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് ബീച്ചുകളില്‍ മദ്യപാനത്തിനും പാചകം ചെയ്യലിനും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്.

വ്യാഴാഴ്ചയാണ് മന്ത്രിസഭ ഇതിന് അംഗീകാരം നല്‍കിയത്. ജനുവരി 29ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര്‍ പറഞ്ഞു. ബീച്ചുകളില്‍ കുപ്പികള്‍ പൊട്ടിക്കുക, പരസ്യമായി മദ്യപാനം നടത്തുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ടൂറിസം വകുപ്പിന് വാട്‌സ്പ്പിലൂടെ കൈമാറും. 12 മണിക്കൂറിനുളളില്‍ പിഴയടക്കേണ്ടിവരും. നിലവില്‍ ഗോവയില്‍ നടക്കുന്ന ഈ പ്രവര്‍ത്തികള്‍ മൂലം നിലവാരമുളള വിനോദസഞ്ചാരികള്‍ ഇവടേക്ക് വരാന്‍ മടി കാണിക്കുന്നു എന്നാണ് ടൂറിസം വകുപ്പിന്റെ കണ്ടെത്തല്‍.