ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിച്ച് ശ്രീലങ്ക ടൂറിസം

ഈ വര്‍ഷം വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനൊരുങ്ങുകയാണ് ശ്രീലങ്ക. രാജ്യത്തിന്റെ മോശം അവസ്ഥ കഴിഞ്ഞു, ഇനി സഞ്ചാരികള്‍ക്കായി അവര്‍ക്ക് മറക്കാന്‍ സാധിക്കാത്ത കാഴ്ച ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശ്രീലങ്കന്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി അമരതുംഗ പറഞ്ഞു.


ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റ പ്രധാന പങ്ക് രാമായണത്തിന്റെ മിത്തുമായി ബന്ധപ്പെട്ട ഐതിഹ്യമാണ്. ഈ മിത്തുകളെ തന്നെ പൊടിതട്ടിയെടുത്താണ് ശ്രീലങ്ക വിനോദ സഞ്ചാരികളെയും തീര്‍ത്ഥാടകരെയും വലവീശിപ്പിടിക്കുന്നത്.

രാമായണ സര്‍ക്യൂട്ട് കൂടുതല്‍ ആകര്‍ഷകമാക്കിയും വികസിപ്പിച്ചും സഞ്ചാരികളുടെ ശ്രദ്ധ നേടാനാണ് ശ്രീലങ്ക ഒരുങ്ങുന്നത്. വെറുതെയല്ല, ആധികാരിക രേഖകളും പുരാണകഥകളും പറഞ്ഞുകൊടുത്തും തന്നെയാണ് ഈ ദ്വീപ് ഇനി സഞ്ചാരികളെ വരവേല്‍ക്കാന്‍ പോകുന്നത്. രാമകഥകള്‍ അറിയാനും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനും താല്പര്യമുള്ളവര്‍ക്കും ഇനി മടിച്ചു നില്‍ക്കാതെ ശ്രീലങ്കയിലേക്ക് വണ്ടി കയറാം.

ശ്രീലങ്ക ഈ വര്‍ഷം ഒരു മില്യണ്‍ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനായി വന്‍ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളും നവീകരണ ശ്രമങ്ങളും നടന്നു, ഇവിടെ എന്തൊക്കെ കാഴ്ചകളാണ് നിങ്ങളെ വിസ്മയിപ്പിക്കാന്‍ പോകുന്നത് എന്നതിനെ ഒക്കെ സംബന്ധിച്ച് മികച്ച പരസ്യങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും അമരതുംഗ അറിയിച്ചു.

സഞ്ചാരികളുടെ സൗകര്യത്തിനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിച്ചേരുവാനായി നിത്യേനെ ഇന്ത്യയില്‍ നിന്നും 27 വിമാനങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം ബിസിനസ്സ് ആന്‍ഡ് ലക്ഷ്വറി ട്രാവല്‍ മാര്‍ട്ട് (ബി എല്‍ ടി എം )2019 ല്‍ പങ്കെടുത്ത് മാധ്യമങ്ങളെ അറിയിച്ചു.

ശ്രീലങ്കയെ കൂടാതെ ബംഗ്ലാദേശ് , തായ്വാന്‍, സ്പെയിന്‍, ഫിലിപിയന്‍സ്, ഈജിപ്റ്റ്, ദുബായ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും 15 സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

രാമയണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുണ്യസ്ഥലം എന്നത് കൂടാതെ ശ്രീലങ്കയ്ക്ക് മറ്റനേകം സവിശേഷതകളുണ്ട്. അനേകം സാംസ്‌കാരിക, ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമായ ദ്വീപാണ് ശ്രീലങ്ക.

2018 ല്‍ ശ്രീലങ്കയിലേക്ക് വന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ എണ്ണം 450000 ആയിരുന്നു. അത് ഈ വര്‍ഷമെങ്കിലും ഒരു മില്യണ്‍ തികയ്ക്കാനാണ് ദ്വീപ് മൊത്തത്തില്‍ അണിഞ്ഞൊരുങ്ങുന്നത്. രാജ്യത്തെ ഒരു വിനോദ സഞ്ചാര സൗഹൃദ രാജ്യമാക്കാനാണ് വ്യാപകമായ ശ്രമങ്ങള്‍.