മലമ്പുഴ യക്ഷിക്ക് ഭംഗി കൂട്ടാന്‍ ശില്പി കാനായികുഞ്ഞിരാമനെത്തി
ശില്പചാരുതയില് വിസ്മയമായ പാലക്കാട്ടെ മലമ്പുഴ യക്ഷിക്ക് മോടികൂട്ടാന്‍ ശില്പി കാനായികുഞ്ഞിരാമനെത്തി. അന്‍പത്തിയൊന്നാം വയസിലും നിറംമങ്ങാത്ത യക്ഷിക്ക് നിറയൗവ്വനമേകുകയാണ് ശില്പിയുടെ ദൗത്യം. അരനൂറ്റാണ്ടിനിപ്പുറമുളള മിനുക്കുപണിയിലൂടെ വെങ്കലത്തില്‍ പൊതിഞ്ഞ് യക്ഷിക്ക് ദീര്‍ഘായുസ് നല്‍കാനാണ് കാനായിയുടെ ശ്രമം.
ഉടയാടകളുരിഞ്ഞ് പാലക്കാടന്‍ കരിമ്പനയിറങ്ങിയ യക്ഷിയുടെ മനോഹാരിത അരനൂറ്റാണ്ടിനിപ്പുറവും ശില്പി കാനായി കുഞ്ഞിരാമന്റെ മനസിലാണുളളത്. 30 അടി ഉയരമുളള യക്ഷിയുടെ ആയുസ് കൂട്ടാന്‍ വെങ്കലത്തില്‍ പൊതിയുകയാണ് ദൗത്യം. കാലുകള്‍ നീട്ടി മാറിടം ഉയര്‍ത്തി പാതിമയക്കത്തില്‍ നീലാകാശത്തിലേക്ക് കണ്ണുംനട്ട് മുടിയിഴകളില്‍ വിരലോടിക്കാനൊരുങ്ങുന്ന യക്ഷിയെ അന്പത്തിയൊന്നു വര്‍ഷം മുന്‍പാണ് കാനായി സിമന്റില്‍ നിര്‍മിച്ചത്.
നഗ്നശില്പത്തിന്റെ പേരില്‍ വിമര്‍ശനങ്ങളും മര്‍ദനവും ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അന്നുംഇന്നും ദുഖമില്ല. എട്ടുമാസം കൊണ്ട് ശില്പത്തിന്റെ മോടികൂട്ടല്‍ പൂര്‍ത്തിയാക്കാനാണ് കാനായിയുടെ തീരുമാനം. വെങ്കലം പൊതിയണമെന്ന കാനായിയുടെ ആഗ്രഹത്തിന് ജലസേചനമന്ത്രി ഉള്‍പ്പെടെയുളളവരുടെ പിന്തുണയുമുണ്ട്. യക്ഷിയെ മാത്രമല്ല ശില്പിയെ നേരിട്ടുകാണാനുമിപ്പോള്‍ മലമ്പുഴ ഉദ്യാനത്തില്‍ ആരാധകരുടെ തിരക്കാണ്.