Kerala

പ്ലാസ്റ്റിക്ക് വിമുക്ത മൂന്നാറിനായി ഗ്രീന്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു

പ്ലാസ്റ്റിക് മാലിന്യമുക്ത മൂന്നാറെന്ന സന്ദേശം രാജ്യത്തിന് മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി മൂന്നാറില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു. മൂന്നാര്‍ കെസ്ട്രല്‍ അഡ്വഞ്ചേഴ്സാണ് സന്ദര്‍ശകര്‍ക്കായി മാരത്തോണ്‍ സംഘടിപ്പിക്കുന്നത്.

നാല് കാറ്റഗറിയിലായി നടക്കുന്ന മാരത്തോണ്‍ ഫെബ്രുവരി 9-ന് ആരംഭിക്കും. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്നതിനാല്‍ ഗ്രീന്‍ മാരത്തോണ്‍ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

71 കിലോമീറ്റര്‍ ദൈഘ്വമുള്ള അള്‍ട്രാ മാരത്തോണ്‍, 42.195 ദൈര്‍ഘ്വമുള്ള ഫുള്‍ മാരത്തോണ്‍, 21.098 ദൈര്‍ഘ്വമുള്ള ആഫ് മാരത്തോണ്‍, 7 കിലോമീറ്റര്‍ ദൂരമുള്ള റണ്‍ ഫോര്‍ ഫണ്‍ എന്നിങ്ങനെയാണ് കാറ്റഗറി. അള്‍ട്രാ മാരത്തോണിന് പുറമെ 2500, ഫുള്‍ മാരത്തോണിന് 1300, ആഫ് മാരത്തോണിന് 1000, റണ്‍ ഫോര്‍ ഫണിന് 700 എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീസ്. ഫെബ്രുവരി 9 ന് അള്‍ട്രയും 10-ന് മറ്റ് കാറ്റഗറിയിലുള്ള മാരത്തനുകളും നടക്കും.

രാവിലെ 5 മണി മുതലാണ് പരിപാടി ആരംഭിക്കുന്നത്. പ്രദേശവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക ഇളവുകള്‍ ഉണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ അത്ലറ്റിക്ക് ഫെഡറേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ മാരത്തോണ്‍ സൊസൈറ്റി എന്നിവയുടെ അംഗീകാരത്തോടെയാണ് പരിപാടി നടത്തപ്പെടുന്നത്.

മൂന്നാം തവണയാണ് കെസ്ട്രല്‍ അഡ്വഞ്ചേഴ്സ് ഇത്തരത്തില്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരമേഖലയില്‍ നടത്തപ്പെടുന്ന പരിപാടിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. മൈനസ് ഡിഗ്രിയില്‍ എത്തിയ മൂന്നാറിന്റെ സൗന്ദര്യം കാമറയില്‍ പകര്‍ത്താനുള്ള വേദിയൊരുക്കുക കൂടി ചെയ്യുന്നുണ്ട് ഗ്രീന്‍ മാരത്തോണിന്റെ സംഘാടകര്‍.