Kerala

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍

കോഴിക്കോട് മിഠായിത്തെരുവില്‍ വാഹനങ്ങള്‍ അനുവദിക്കണമെന്ന ആവശ്യവുമായി വീണ്ടും വ്യാപാരികള്‍. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുമായുള്ള മുഖാമുഖത്തിലാണ് വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ചത്.

വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച മുഖാമുഖത്തിലാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പരാതികള്‍ കേട്ടത്. മിഠായിത്തെരുവില്‍ വാഹനം അനുവദിക്കണമെന്ന് വ്യാപാരികള്‍ പറഞ്ഞു.

കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രകടനവും പൊതുയോഗവും കലാപരിപാടികളും നിരോധിക്കണമെന്നും ഇത് കച്ചവടത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമായിരുന്നു കച്ചവടക്കാരുടെ പ്രധാന പരാതി. മാനാഞ്ചിറയിലെ പാര്‍ക്കിംഗ് പ്രശ്നം, മാങ്കാവ് അടക്കമുള്ള സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക്, ബസുകളുടെ വേഗത ഇങ്ങനെ നീണ്ടു പരാതികള്‍.

പത്ത് ദിവസത്തിനകം പരാതിസ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്ന് കമ്മീഷണര്‍ പറഞ്ഞു. വ്യാപാരികളുടേയും ജനങ്ങളുടേയുമെല്ലാം സഹകരണത്തോടെ കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.