Kerala

വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും

ഇരവികുളം ദേശീയോദ്യാനം ഇന്ന് അടക്കും. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെയാണ് പാര്‍ക്ക് അടച്ചതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. ഇത്തവണ വരയാടുകളുടെ പ്രജനനം നേരത്തെ ആരംഭിച്ചിരുന്നു. വനപാലകര്‍ പാര്‍ക്കില്‍ നടത്തിയ പരിശോധനയില്‍ വരയാടുകളുടെ കുട്ടികളെ കണ്ടത്തി.

ഇതോടെയാണ് പാര്‍ക്ക് അടക്കുന്നതിന് അധികൃതര്‍ തീരുമാനമെടുത്തത്. വരയാടിന്‍ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് നടപടി. സാധരണ ഏപ്രില്‍ അവസാനമാണ് ദേശീയോദ്യാനം തുറക്കുന്നത്. പ്രസവ കാലം നീണ്ടാല്‍ ദേശീയോദ്യാനം തുറക്കാന്‍ വൈകുമെന്നും ആര്‍ ലക്ഷ്മിപറഞ്ഞു. കഴിഞ്ഞ വര്‍ഷം 102 കുട്ടികളാണ് പുതിയതായി പിറന്നത്. വംശനാശം നേരിടുന്ന മരയാടുകളുടെ സംരക്ഷണത്തിനായി വാച്ചര്‍മാരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കാട്ടുതീ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രപുലര്‍ത്തുന്നതിനാണ് ഇത്തരമൊരു നടപടി. നീലഗിരി താര്‍യെന്ന് അറിയപ്പെടുന്ന വരയാടുകള്‍ മൂന്നാറിലെ മീശപ്പുലിമല, കൊളുക്കുമല തുടങ്ങിയ മേഖലകളിലും ധാരാളമായി ഉണ്ട്. ചെങ്കുത്തായ മലച്ചെരുവുകളിലും അടിവാരങ്ങളിലുമാണ് ഇവ പ്രസവിക്കുന്നത്. പുലി, ചെന്നായടക്കമുള്ള മൃഗങ്ങളില്‍ നിന്നുള്ള ആക്രമണം തടയുന്നതിനാണ് വരയാടുകള്‍ ഇത്തരം മേഖലകള്‍ പ്രസവത്തിനായി തെരഞ്ഞെടുക്കുന്നത്.