പൂക്കളുടെ മഹോത്സവത്തിന് ഇന്നു സമാപനം
പത്തു നാള് കനകക്കുന്നിനെ പറുദീസയാക്കിയ വസന്തോത്സവത്തിന് ഇന്നു കൊടിയിറങ്ങും. പതിനായിരക്കണക്കിനു സന്ദര്‍ശകരാണ് പൂക്കളുടെ മഹാമേള കാണാന്‍ ഓരോ ദിവസവും കനകക്കുന്നിലേക്ക് ഒഴുകിയെത്തിയത്.
സസ്യലോകത്തെ അതിമനോഹര പുഷ്പങ്ങളും അത്യപൂര്‍വ ചെടികളുംകൊണ്ടു സുന്ദരമാണ് വസന്തോത്സവ നഗരിയായ കനകക്കുന്നും പരിസരവും. മേള സമാപിക്കുന്ന ഇന്ന് അവധി ദിനംകൂടിയായതിനാല്‍ പതിവിലുമേറെ സന്ദര്‍ശകര്‍ എത്തുമെന്നാണു പ്രതീക്ഷ. വസന്തോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച എല്ലാ പുഷ്പങ്ങളും പൂച്ചെടികളും അതേപടി ഇന്നും ആസ്വദിക്കാന്‍ അവസരമുണ്ട്. കനകക്കുന്നിന്റെ പ്രവേശ കവാടത്തില്‍ തുടങ്ങി സൂര്യകാന്തിയില്‍ അവസാനിക്കുന്ന വഴിയുടെ ഇരു വശങ്ങളിലും കനകക്കുന്ന് കൊട്ടാരത്തിന്റെ ചുറ്റിലുമായാണു പതിനായിരക്കണക്കിനു വര്‍ണപ്പൂക്കളും ചെടികളും പ്രദര്‍ശനത്തിനുവച്ചിരിക്കുന്നത്.
ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഡാലിയ, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള ജമന്തിപ്പൂക്കള്‍, റോസ്, അലങ്കാരച്ചെടികള്‍, കള്ളിമുള്ള് ഇനങ്ങള്‍, അഡീനിയം, ബോണ്‍സായ് തുടങ്ങിയവയാണു പ്രധാന ആകര്‍ഷണം. സ്കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേരാണ് ഇന്നലെ മേള കാണാനെത്തിയത്. വൈകിട്ടു സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ നടന്ന പുഷ്പരാജ – പുഷ്പറാണി മത്സരവും ആസ്വാദകരുടെ മനംകവര്‍ന്നു.
വസന്തോത്സവം സമാപിക്കുന്ന ഇന്ന് രാവിലെ പത്തിന് കനകക്കുന്നിലേക്കു പ്രവേശനം ആരംഭിക്കും. പ്രവേശന ടിക്കറ്റുകള്‍ കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിന്റെ കൗണ്ടറുകള്‍ വഴി ലഭിക്കും. അഞ്ചു വയസ് വരെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് വേണ്ട. അഞ്ചു മുതല്‍ 12 വയസ് വരെയുള്ളവര്‍ക്ക് 20ഉം 12നു മേല്‍ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണു ടിക്കറ്റ് നിരക്ക്.
ഇന്നു മുതല്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍വച്ച് വസന്തോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. വൈകിട്ട് 6.15ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. വസന്തോത്സവം മാധ്യമ പുരസ്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
നയന വിരുന്നൊരുക്കി അലങ്കാര മത്സ്യങ്ങളുടെ പ്രദര്‍ശനം
വസന്തോത്സവം കാണാനെത്തുന്നവര്‍ക്കു നയനവിരുന്നൊരുക്കി അലങ്കാര മത്സ്യ പ്രദര്‍ശനം ഫിഷറീസ് വകുപ്പിനു കീഴിലുള്ള നെയ്യാര്‍ഡാം അക്വേറിയാമാണ് വര്‍ണ മനോഹരമായ അലങ്കാര മത്സ്യങ്ങളെ കനകക്കുന്നിലെത്തിച്ചത്.
അലങ്കാര മത്സ്യരംഗത്തെ താരങ്ങളായ അരോണ, റോസി ബാര്‍ബ്, എയ്ഞ്ചല്‍ ഫിഷ്, കോയി കാര്‍പ്പ് തുടങ്ങിയവയും ഏറെ പ്രിയപ്പെട്ട ഗപ്പിയും, കേരളത്തിന്റെ അലങ്കാര മത്സ്യശ്രേണിയിലെ അപൂര്‍വ ഇനമായ മിസ് കേരളയും പ്രദര്‍ശനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്.
പാരറ്റ് ഫിഷാണ് മറ്റൊരു ആകര്‍ഷണം. സ്കാരിട് കുടുംബത്തില്‍പെട്ട ഇവ തായ്വാനിലാണ് കാണപ്പെടുന്നത്. 20 സെന്റി മീറ്റര്‍ നീളമുള്ള ഇവയ്ക്ക് 10 വര്‍ഷമാണ് ആയുസ്. ഫൈറ്റര്‍ ഇനത്തില്‍പ്പെട്ട സയാമീസ് ഫൈറ്റിംഗ് ഫിഷ്, നിയോണ്‍ ടെറാ, റെഡ് ഫാന്റം ടെറാ തുടങ്ങിയവയുടെ പ്രദര്‍ശനത്തിലുണ്ട്.