Aviation

കണ്ണൂരില്‍ നിന്ന് കുവൈത്ത് ,മസ്‌കത്ത് സര്‍വീസ് ബുക്കിങ് തുടങ്ങി

രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സര്‍വീസുകള്‍ക്ക് ബുക്കിങ് തുടങ്ങി. മസ്‌കത്തിലേക്ക് ഗോ എയറും കുവൈത്തിലേക്ക് ഇന്‍ഡിഗോയുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ബുക്കിങ്ങും ഇന്‍ഡിഗോ തുടങ്ങി.

ഫെബ്രുവരി 28 മുതലാണു മസ്‌കത്ത് സര്‍വീസ്. ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണുണ്ടാവുക. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.45നു പുറപ്പെട്ട് പ്രാദേശിക സമയം അര്‍ധരാത്രി 00.05ന് മസ്‌കത്തിലെത്തുന്ന തരത്തിലും തിരികെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പ്രാദേശിക സമയം രാത്രി 01.05നു മസ്‌കത്തില്‍ നിന്നു പുറപ്പെട്ട് രാവിലെ ആറിനു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണു സര്‍വീസുകള്‍. കണ്ണൂര്‍ – മസ്‌കത്ത് റൂട്ടില്‍ 4999 രൂപ മുതലും മസ്‌കത്ത് – കണ്ണൂര്‍ റൂട്ടില്‍ 5299 രൂപ മുതലുമാണു ടിക്കറ്റ് നിരക്ക്.

മാര്‍ച്ച് 15 മുതല്‍ ആഴ്ചയില്‍ ആറു ദിവസം വീതമാണു കുവൈത്തിലേക്കുള്ള ഇന്‍ഡിഗോ സര്‍വീസ്. രാവിലെ 5.10നു പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 8നു കുവൈത്തില്‍ എത്തുന്ന തരത്തിലും പ്രാദേശിക സമയം 9നു കുവൈത്തില്‍ നിന്നു പുറപ്പെട്ട് വൈകിട്ട് 4.05നു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണ് സര്‍വീസ്. കുവൈത്തിലേക്ക് 8500 രൂപയിലും കുവൈത്തില്‍ നിന്നു കണ്ണൂരിലേക്ക് 7499 രൂപയിലുമാണു ബുക്കിങ് തുടങ്ങിയത്. ദോഹയിലേക്കുള്ള ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസും മാര്‍ച്ച് 15നു തുടങ്ങും.

കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കും വൈകാതെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു. നിലവില്‍ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണു കണ്ണൂരില്‍ നിന്ന് ഇപ്പോള്‍ രാജ്യന്തര സര്‍വീസുകള്‍ നടത്തുന്നത്. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകളുള്ളത്. ഫെബ്രുവരി 28ന് ഗോ എയറും മാര്‍ച്ച് 15ന് ഇന്‍ഡിഗോയും രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്കു കുറയുമെന്ന പ്രതീക്ഷയിലാണു യാത്രക്കാര്‍.