മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്

ബെംഗളൂരു നഗരത്തിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചര്‍ച്ച് സ്ട്രീറ്റ് മാതൃകയില്‍ വികസിപ്പിക്കാന്‍ പദ്ധതിയുമായി ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി). ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി നടക്കാന്‍ പോലും ഇടമില്ലാത്ത കൊമേഴ്‌സ്യല്‍ സ്ട്രീറ്റില്‍ വാഹന പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും.


സമീപത്തെ റോഡുകള്‍ വികസിപ്പിച്ച് കാല്‍നടയാത്രികര്‍ക്കു സുഗമമായി നടക്കാന്‍ കരിങ്കല്ലു പാകും. ടെന്‍ഡര്‍ ഷുവര്‍ മാതൃകയില്‍ വീതിയേറിയ നടപ്പാതകളാണ് നിര്‍മിക്കുക.

പണി പൂര്‍ത്തിയായാല്‍ ഇവിടെ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയേക്കും. ഇവിടെയെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കാമരാജ് റോഡില്‍ സൗകര്യം ഏര്‍പ്പെടുത്തും.

ആദ്യ ഘട്ടത്തില്‍ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പരിസരത്തെ റോഡുകള്‍ 31.5 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. ജുമാ മസ്ജിദ് മുതല്‍ കാമരാജ് റോഡ് വരെ കരിങ്കല്ല് പാകാന്‍ 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനം 2 മാസത്തിനകം തുടങ്ങാനാണ് ബിബിഎംപി ശ്രമം. അധികം വൈകിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നേക്കാം. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായും അംഗീകാരത്തിനായി സ്മാര്‍ട് സിറ്റി പദ്ധതി ബോര്‍ഡ് സമിതിക്കു സമര്‍പ്പിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊമേഴ്‌സ്യല്‍ സ്ട്രീറ്റിനു സമാനമായ ചര്‍ച്ച് സ്ട്രീറ്റിലെ 750 മീറ്റര്‍ റോഡ് കഴിഞ്ഞ വര്‍ഷം 14 കോടി രൂപ ചെലവിലാണ് കരിങ്കല്ലു പാകിയത്. സ്മാര്‍ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി നഗരത്തിലെ 20 റോഡുകള്‍ കൂടി 230 കോടി രൂപ ചെലവില്‍ ടെന്‍ഡര്‍ ഷുവര്‍ മാതൃകയില്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം അവസാനം ബിബിഎംപി ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.