മുസിരിസ് പദ്ധതി; 32 കോടി അനുവദിച്ച് സര്‍ക്കാര്‍
ചരിത്ര സ്മാരക സംരക്ഷണത്തിനും മ്യൂസിയങ്ങളുടെ നിര്‍മാണത്തിനുമായി മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിക്കു സര്‍ക്കാര്‍ 32 കോടി രൂപ അനുവദിച്ചു. എറണാകുളം, തൃശൂര്‍ ജില്ലികളിലായി വ്യാപിച്ചു കിടക്കുന്ന മുസിരിസ് പ്രദേശത്തേക്കു കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കുകയാണു ലക്ഷ്യം.
അഴീക്കോട് മാര്‍ത്തോമ പള്ളിയില്‍ ഒരുക്കുന്ന ക്രിസ്റ്റ്യന്‍ ലൈഫ് സ്‌റ്റൈല്‍ മ്യൂസിയത്തിനാണു കൂടുതല്‍ തുക അനുവദിച്ചത്. 9.28 കോടി. ഇതു പൂര്‍ണമായി പുതിയ പദ്ധതിയാണ്.
ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിമേടയുടെ നവീകരണത്തിനു 2.31 കോടി രൂപ, ചേന്ദമംഗലം പാലിയം ഊട്ടുപുരയ്ക്കു 2.03 കോടി, ചേന്ദമംഗലം ഹോളിക്രോസ് പള്ളിക്കു 2.12 കോടി അനുവദിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ മാള സിനഗോഗ്, ചേരമാന്‍ ജുമാമസ്ജിദിന്, കൊടുങ്ങല്ലൂര്‍ ബംഗ്ലാവു കടവ്, തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ്, കീഴ്തളി ക്ഷേത്രം, കൊടുങ്ങല്ലൂര്‍ പി.എ. സയീദ് മുഹമ്മദ് കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ നവീകരണം നടപ്പാക്കും.
മുസിരിസ് കേന്ദ്രങ്ങളിലേക്കു സഞ്ചാരികള്‍ക്കു വഴിതെറ്റാതെ എത്തുന്നതിനു ദിശാബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 1.34 കോടി അനുവദിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു നടപടി തുടങ്ങി.