അറ്റകുറ്റപണികള്‍ക്കായി മുംബൈ വിമാനത്താവളത്തിന്റെ റണ്‍വേ 22 ദിവസം അടച്ചിടും
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 30 വരെ ഭാഗികമായി അടച്ചിടും.
ഈ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില്‍ റണ്‍വേകള്‍ ആറു മണിക്കൂര്‍ അടച്ചിടും. 22 ദിവസം നീളുന്ന ഈ ഭാഗിക നിയന്ത്രണ ദിനങ്ങളില്‍ പ്രതിദിനം 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങുമെന്നാണ് കണക്കുകള്‍. പല വിമാന കമ്പനികളും ഈ കാലയളവില്‍ സമീപ റൂട്ടിലേക്ക് സര്‍വീസ് മാറ്റാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെ ബാധിക്കുന്ന ഈ ക്രമീകരണത്തില്‍ മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് അവയുടെ റീഫണ്ട് ഉറപ്പാക്കുമെന്നും സാധ്യമായ സാഹചര്യത്തില്‍ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുമെന്നും മുംബൈ വിമാനത്താവള വക്താവ് അറിയിച്ചു.
ഫെബ്രുവരി എഴു മുതല്‍ മാര്‍ച്ച് 30 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാകും റണ്‍വേകള്‍ അടച്ചിടുക. ഹോളി ഉല്‍സവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു പരിഗണിച്ച് മാര്‍ച്ച് 21 ന് (വ്യാഴാഴ്ച) റണ്‍വേകള്‍ അടച്ചിടുന്നത് ഒഴിവാക്കുമെന്നും വിമാനത്താവള വക്താവ് പറഞ്ഞു
പ്രതിദിനം ശരാശരി 950 സര്‍വീസുകളാണ് ഈ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. രണ്ടു റണ്‍വേകള്‍ ഉണ്ടെങ്കിലും അവ തമ്മില്‍ കുറുകെ കിടക്കുന്നതിനാല്‍ ഒരേ സമയം ഒരു റണ്‍വേ മാത്രമാണ് ഉപയോഗിക്കുന്നത്.
22 ദിവസത്തെ അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ ചെറുവിമാനങ്ങള്‍ക്കു പകരം അധികം യാത്രക്കാരെ വഹിക്കാനാകുന്ന വലിയ വിമാനങ്ങള്‍ വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത് ഉചിതമാകുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
മുംബൈ-ഡല്‍ഹി സെക്ടറില്‍ സര്‍വീസ് നടത്തുന്ന 33 ഫ്‌ലൈറ്റുകളെയും മുംബൈ-ഗോവ(18 ഫ്‌ലൈറ്റ്), മുംബൈ-ബാംഗ്ലൂര്‍(16 ഫ്‌ലൈറ്റ്) സര്‍വീസുകളെയുമാകും ഈ ക്രമീകരണം ഏറെ ബാധിക്കുക.
മുംബൈയിലേക്കും തിരിച്ചും ഈ നഗരങ്ങളിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്ക് ഈ കാലയളവില്‍ 70 മുതല്‍ 80 ശതമാനം വരെ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. മറ്റു സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 25 മുതല്‍ 35 ശതമാനം വരെ വില വര്‍ധിക്കാനും സാധ്യതയുണ്ട്