കോര്‍ലായ്; പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം

അധിനിവേശത്തിന്റെയും ആധിപത്യത്തിന്റെയും ചരിത്രം കഥകളാക്കി പോര്‍ച്ചുഗീസുകാര്‍ നാടൊഴിഞ്ഞിട്ട് പതിറ്റാണ്ടുകളായി. ചരിത്രത്തിനോട് മാത്രം ചേര്‍ന്നുകിടക്കുന്ന കഥകളാണ് ഇന്ന് സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ഇന്ത്യ. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും അതില്‍ നിന്നും മാറിസഞ്ചാരിക്കാത്ത ഒരു വിഭാഗം ആളുകളുണ്ട്. പോര്‍ച്ചുഗീസുകാരുടെ കീഴില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന്റെ സ്മരണ ഇന്നും നിലനിര്‍ത്തുന്ന ഇടം. പോര്‍ച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇന്ത്യയിലെ ഏക നാടായ കോര്‍ലായ് ആണ് കഥാപാത്രം. പതിനഞ്ചാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ കോട്ട കെട്ടി സംരക്ഷിച്ച കോര്‍ലായുടെ ചരിത്രവും അവിടുത്തെ കോട്ടയുടെ കഥയും വായിക്കാം…

കോര്‍ലായ്

പോര്‍ച്ചുഗീസുകാര്‍ കയ്യടക്കിയിരുന്ന ഇന്ത്യന്‍ പ്രദേശങ്ങളിലൊന്ന് എന്ന് ലളിതമായി വിവരിക്കാമെങ്കിലും കോര്‍ലായുടെ ചരിത്രം ആവശ്യപ്പെടുന്നത് അതല്ല. മഹാരാഷ്ട്രയിലാണെങ്കിലും ഗോവയോട് ചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയിലെ അവസാനത്തെ ഇടങ്ങളിലൊന്നുകൂടിയാണ്. സഞ്ചാരികള്‍ക്കായി കാഴ്ചകള്‍ ഒരുപാട് കരുതിവച്ചിരിക്കുന്ന സ്ഥലം കൂടിയാണിത്.

പോര്‍ച്ചുഗീസ് സംസാരിക്കുന്ന ഇന്ത്യന്‍ ഗ്രാമം

പോര്‍ച്ചൂഗീസുകാര്‍ ഭരണം അവസാനിപ്പിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്നും അതുമായി ബന്ധപ്പെട്ട പലടും ഇവിടെ കാണാം. അതിലൊന്നാണ് പോര്‍ച്ചുഗീസ് ഭാഷ. ഇവിടെ ഇന്നും ആളുകള്‍ സംസാരിക്കുന്നത് പോര്‍ച്ചുഗീസ് ഭാഷയിലാണ്. ഒരുകാലത്ത് മലേഷ്യയില്‍ പോര്‍ച്ചുഗീസുകാരുടെ കീഴിലായിരുന്ന മലാക്കാ തുറമുഖത്ത് സംസാരിക്കുന്ന പോര്‍ച്ചുഗീസ് ഭാഷയോട് സാമ്യമുള്ളതാണ് ഇവിടുത്തെ ഭാഷ. കുട്ടികളും മുതിര്‍ന്നവരുമടക്കം ഈ ഭാഷായാണ് ഇവിടെ സംസാരിക്കുക. അത് കൂടാതെ മറാത്തിയും തെലുങ്കും ഇവിടെ പ്രാചരത്തിലുണ്ട്. എന്നിരുന്നാലും സംസാരത്തിനായി ഈ ഭാഷകള്‍ ഉപയോഗിക്കുന്നത് കുറവാണ്. ഗോത്രവര്‍ഗ്ഗക്കാരുടെ നാട്ടിലെ കാഴ്ചകള്‍ ഇതാണ്!

കോര്‍ലായ് കോട്ട

കോട്ടകള്‍ കൊണ്ട് കഥയെഴുതിയ മഹാരാഷ്ട്രയിലെ 350 കോട്ടകളില്‍ ഒന്നാണ് കോര്‍ലായ് കോട്ട. കടല്‍ത്തീരത്തായി നിലകൊള്ളുന്ന കോട്ടകളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. അലഹബാദ് സുല്‍ത്താന്മാരുടെ അനുമതിയോടെ 1521 ലാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിക്കുന്നത്. റേവന്‍ഡ ഉള്‍ക്കടലിനെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇവിടെ കോട്ട വരുന്നത്. നിര്‍മ്മിച്ച പോര്‍ച്ചുഗീസുകാര്‍ തന്നെ ചതിയിലൂടെ ഇത് കൈവശപ്പെടുത്തുകയായിരുന്നു. പിന്നീട് അവര്‍ ഇത് സംരക്ഷിക്കുവാന്‍ ആവശ്യത്തിന് പട്ടാളക്കാര്‍ ഇല്ലാത്ത സമയത്ത് പ്രധാന ഗോപുരം ഒഴികെയുള്ള ഭാഗങ്ങള്‍ തീയിട്ടു നശിപ്പിച്ചു.

ലോകത്തിലെ ഏറ്റവും ശക്തമായ കോട്ട

കോട്ട നശിപ്പിക്കപ്പെട്ട് കഴിഞ്ഞ് ഇവിടം സന്ദര്‍ശിച്ച മിക്ക ചരിത്രകാരന്മാരും ഇതിനെ രേഖപ്പെടുത്തിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തമായ കോട്ടകളില്‍ ഒന്ന് എന്നാണ്. പിന്നീട് ഇതിന്റെ ചിലഭാഗങ്ങള്‍ ഒക്കെ പുനര്‍ നിര്‍മ്മിച്ചിരുന്നു. കോട്ടയ്ക്കുള്ളിലെ ദേവാലയം ഞായറാഴ്ചകളില്‍ ആരാധനയ്ക്കായി കാലങ്ങളോളം തുറന്നുകൊടുത്തിരുന്നു.

ഇന്ന്
മഹാരാഷ്ട്രയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് ഇന്ന് ഈ കോട്ട. യതാര്‍ഥ കോട്ടയുടെ മിക്ക ഭാഗങ്ങളും ഇന്നിവിടെ കാണാനില്ല. എന്തുതന്നെയായാലും അഞ്ച് പതിറ്റാണ്ടുകള്‍ക്കിപ്പുറം കോട്ടയുടെ മതിലുകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നത് ദേവാലയത്തിന്റെ കുറച്ച് ഭാഗങ്ങളാണ്. പോര്‍ച്ചുഗീസ് ശൈലിയിലാണ് ദേവാലയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗങ്ങള്‍ ഇന്നും ഇവിടെ കാണാം.

കോട്ടയിലെ കാഴ്ചകള്‍
അറബിക്കടലിന്റെ ഏറ്റവും മനോഹരമായ കാഴ്ചകളാണ് കോര്‍ലായ് കോട്ടയില്‍ നിന്നും കാണുവാന്‍ സാധിക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും കിഴക്ക് ഭാഗത്ത് രേവണ്ട ക്രീക്കുമാണ് ഇവിടെ നിന്നും കാണാന്‍ സാധിക്കുക. കൂടാതെ കോര്‍ലായ് എന്ന മത്സ്യബന്ധന ഗ്രാമത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങളും ഇവിടെ നിന്നും ലഭിക്കും. കോട്ടയിലെത്തുന്നവര്‍ ഇവിടുത്തെ സൂര്യാസ്തമയം കൂടി കണ്ടതിനു ശേഷം മാത്രമേ പോകാറുള്ളൂ. അതിരാവിലെയാണ് എത്തുന്നതെങ്കില്‍ സൂര്യോദയയം കാണാന്‍ ശ്രമിക്കാം.

കോര്‍ലായ് ലൈറ്റ് ഹൗസ്
കോട്ട കഴിഞ്ഞാല്‍ ഇവിടെ കാണേണ്ടത് ലൈറ്റ് ഹൗസാണ്. രാവിലെ 9.00 മുതലാണ് ഇവിടേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോട്ടയുടെയും ചുറ്റിലുമുള്ള കടലിന്റെയും മനോഹര ദൃശ്യങ്ങള്‍ ഇവിടെ നിന്നും പകര്‍ത്താം.

എവിടെ

അലിബാഗ് എന്ന പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിനോട് ചേര്‍ന്നാണ് കോര്‍ലായ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കോര്‍ലായില്‍ എത്തണമെങ്കില്‍ ആദ്യം അലിബാഗ് ബസ്റ്റാന്‍ഡില്‍ എത്തണം. അവിടെ നിന്നും കോര്‍ലായ്ക്ക് ബസ് പിടിക്കാം. ബസ് റൂട്ട് ചെന്നവസാനിക്കുന്നത് ലൈറ്റ് ഹൗസിനു മുന്നിലാണ്. കോട്ടയ്ക്കുള്ളിലേക്ക് കടക്കുവാന്‍ ഒന്നിലധികം കവാടങ്ങളുണ്ട്. തുറമുഖത്തിനു സമീപത്തു നിന്നും ഇവിടേക്ക് കടക്കുന്നതാണ് മികച്ചത്.

എത്തിച്ചേരാന്‍

മുംബൈയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.ഏകദേശം നാലു മണിക്കൂര്‍ സമയമാണ് ഇവിടേക്ക് വരാനായി എടുക്കുക. അലിബാഗിനും കാശിദിനും ഇടയിലായാണ് ഇവിടം സ്ഥിതി ചെയ്യുക. മുംബൈയില്‍ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ അധികവും എത്തുന്നത്. അലിബാഗില്‍ നിന്നും ഇവിടേക്ക് 22 കിലോമീറ്റര്‍ ദൂരമുണ്ട്.

എവിടെ താമസിക്കാം
സ്വകാര്യ റിസോര്‍ട്ടുകളും മറ്റും ഇവിടെയ വാടകയ്ക്ക് ലഭിക്കും, എന്നാല്‍ കോട്ടയില്‍ നിന്നും ഏകദേശം 30 മിനിട്ട് അകലെ മാത്രമെ മികച്ച രീതിയിലുള്ള താമസ സൗകര്യങ്ങള്‍ ലഭിക്കുകയുള്ളൂ. ഗോവന്‍ രീതിയിലും പോര്‍ച്ചുഗീസ് രീതിയിലും നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പുരാതന ഭവനങ്ങളാണ് ഇവിടെ സഞ്ചാരികളുടെ താമസത്തിനു ലഭ്യമായിട്ടുള്ളത്.

സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം
കോര്‍ലായെ ഏറ്റവും സുന്ദരിയായി കാണുന്ന സമയം മഴക്കാലം കഴിഞ്ഞാണ്. അങ്ങിങ്ങായി തളിര്‍ത്തു നില്‍ക്കുന്ന പുല്ലുകളും നിറങ്ങളാല്‍ തിളങ്ങുന്ന ആകാശവും കടലിന്റെ കാഴ്ചയും മേഘങ്ങളും ഒക്കെ കാണുവാന്‍ പറ്റിയ സമയമാണിത്. സെപ്റ്റംബര്‍, ഒക്ടോബര്‍ സമയത്ത് ഇവിടേക്കുള്ള യാത്രകള്‍ പ്ലാന്‍ ചെയ്യാം,

കോര്‍ലായിലെ ഗ്രാമങ്ങള്‍

പതിറ്റാണ്ടുകളോളം വിദേശാധിപത്യത്തിനു കീഴില്‍ കഴിഞ്ഞതിന്റെ അടയാളങ്ങള്‍ ഇവിടുത്തെ ഗ്രാമങ്ങളില്‍ ഇന്നും ബാക്കി കാണാന്‍ സാധിക്കും. വീടിന്റെ നിര്‍മ്മിതിയില്‍ മുതല്‍ അടിച്ചിരിക്കുന്ന പെയിന്റിലും വിളമ്പുന്ന ഭക്ഷണത്തിലും വരെ ഇതറിയാം. അടുത്തുള്ള ഇടങ്ങളില്‍ മറാത്തിയും കൊങ്കിണിയും ഒക്കെ സംസാര ഭാഷയായിട്ടുണ്ടെങ്കിലും ഇവിടുത്തെ പോര്‍ച്ചുഗീസ് ഭാഷയെ അതൊന്നും തീരെ ബാധിച്ചിട്ടില്ല എന്നു വേണം പറയുവാന്‍