Kerala

വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്ത് നടത്താൻ ആലോചന; കടകംപള്ളി

പൂക്കളുടെ മഹാമേളയായ വസന്തോത്സവം വർഷംതോറും ക്രിസ്മസ് അവധിക്കാലത്തു നടത്താൻ ആലോചിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം വകുപ്പിന്റെ പുതിയ ഉത്പന്നമായി വസന്തോത്സവം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കനകക്കുന്നിൽ വസന്തോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

മുൻ വർഷത്തേക്കാൾ വർണവൈവിധ്യമാർന്ന പുഷ്പമേളയാണ് ഇത്തവണത്തെ വസന്തോത്സവമെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പേർ ഇത്തവണ കനകക്കുന്നിലെത്തുമെന്നാണു പ്രതീക്ഷ. വിദേശികളെയടക്കം കൂടുതലായി പ്രതീക്ഷിക്കുന്നുണ്ട്.

ഡിസംബറിലെ അവധിക്കാലത്തു വസന്തോത്സവം സംഘടിപ്പിച്ചാൽ കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കാനാകുമെന്ന അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. കൃത്യമായ തീയതികളിൽ എല്ലാ വർഷവും വസന്തോത്സവം നടത്താൻ കഴിയുമോയെന്നാണു വകുപ്പ് പരിശോധിക്കുന്നത്. അങ്ങനെയായാൽ ടൂറിസം കലണ്ടറിൽ ഡിസംബർ അവധിക്കാലം വസന്തോത്സവ കാലമായി അടയാളപ്പെടുത്താനാകും. ദേശീയ – രാജ്യാന്തര വിനോദ സഞ്ചാരികളെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നിലെ വസന്തോത്സവത്തിന്റെ ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.

Posted by Kadakampally Surendran on Friday, January 11, 2019