വസന്തോത്സവത്തിന് ഇന്നു തിരിതെളിയും നഗരത്തിന് ഇനി പത്തുനാള്‍ നിറവസന്തം
തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നില്‍ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള.
വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നില്‍ എത്തിക്കഴിഞ്ഞു. ഓര്‍ക്കിഡ്, ബോണ്‍സായി, ആന്തൂറിയം ഇനങ്ങളുടെ പവലിയന്‍, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഒരുക്കുന്ന വനക്കാഴ്ച, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദര്‍ശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബട്ടര്‍ഫ്ളൈ പാര്‍ക്ക്, തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാകുമെന്നും മന്ത്രി പറഞ്ഞു.
വി.എസ്.എസ്.സി, മ്യൂസിയം – മൃഗശാല, സെക്രട്ടേറിയറ്റ്, ജവഹര്‍ലാല്‍ നെഹ്റു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാര്‍ഷിക സര്‍വകലാശാല, ആയൂര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല ബോട്ടണി വിഭാഗം, കിര്‍ത്താഡ്സ്, അഗ്രി – ഹോര്‍ട്ടി സൊസൈറ്റി എന്നിങ്ങനെ പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം വ്യക്തികളും നഴ്സറികളും വസന്തോത്സവത്തില്‍ സ്റ്റാളുകള്‍ ഒരുക്കും.
പൂര്‍ണമായി ഹരിതചട്ടം പാലിച്ചാണു വസന്തോത്സവം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്പോണ്‍സര്‍ഷിപ്പ്, സ്റ്റാളുകള്‍, ടിക്കറ്റ് എന്നിവ വഴിയാണ് പണം കണ്ടെത്തുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പത്തു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
വിവിധ നഴ്‌സറികളില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. സര്‍ക്കാര്‍ സ്റ്റാളുകള്‍ക്ക് പുറമെ വ്യാപാര സംബന്ധമായ സ്റ്റാളുകളും സര്‍ഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.
വസന്തോത്സവത്തിന്റെ ഭാഗമായി ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധതരം ജ്യൂസുകള്‍, മധുര പലഹാരങ്ങള്‍, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍, സൗത്ത് ഇന്‍ഡ്യന്‍ വിഭവങ്ങള്‍, മലബാര്‍-കുട്ടനാടന്‍ വിഭവങ്ങള്‍, കെ.റ്റി.ഡി.സി ഒരുക്കുന്ന രാമശേരി ഇഡലി മേള എന്നിങ്ങനെയുള്ള വിഭവങ്ങള്‍ സൂര്യകാന്തിയില്‍ ഒരുക്കുന്ന ഭക്ഷ്യമേളയിലുണ്ടാകും.
മേളയിലേയ്ക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അഞ്ചുവയസ്സിനു താഴെ സൗജന്യമാണ്. 12 വയസ്സ് വരെ ഒരാള്‍ക്ക് 20 രൂപയും, 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് 50 രൂപയുമാണ് നിരക്ക്. പരമാവധി 50 പേര്‍ അടങ്ങുന്ന സ്‌കൂള്‍ കുട്ടികളുടെ സംഘത്തിന് 500 രൂപ നല്‍കിയാല്‍ മതി.
ടിക്കറ്റുകള്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകള്‍ വഴി ലഭിക്കും. കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകള്‍ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയാണ് മേളയിലേക്കുള്ള പ്രവേശനം.
തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ സി.സി.റ്റി.വി ക്യാമറ ഉള്‍പ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ഒരുക്കും.
വസന്തോത്സവത്തിന്റെ ക്രമീകരണങ്ങള്‍ ഇന്നലെ വൈകിട്ട് കനകക്കുന്ന് കൊട്ടാരത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി
വസന്തോത്സവത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഇന്‍ഫര്‍മേഷന്‍ – പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രത്യേക മീഡിയ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു.
വസന്തോത്സവത്തിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയ പ്രത്യേക ഫേസ്ബുക്ക് പേജും മന്ത്രി ഉദ്ഘാടനം ചെയ്തു. വസന്തോത്സവം പുഷ്പമേള 2019 എന്ന പേജില്‍നിന്ന് മേള സംബന്ധിച്ച എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ലഭിക്കും.