Destinations

ഒറ്റ ദിവസത്തില്‍ തിരുവനന്തപുരത്ത് കാണാന്‍ പറ്റുന്ന ബീച്ചുകള്‍

പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ ആറു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരവും ഉള്‍പ്പെടുന്നുണ്ട്. കായലോ കടലോ കാടോ…ഏതുവേണം… ഒരു ദിവസം മുതല്‍ ഒരാഴ്ച വരെ ചുറ്റിക്കറങ്ങാനുള്ള സംഭവങ്ങളുള്ള തിരുവനന്തപുരം ഏതുതരത്തിലുള്ള സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന നാടാണ്. എന്നാല്‍ ഈ കൊട്ടാരക്കാഴ്ചകളില്‍ നിന്നും വെള്ളച്ചാട്ടങ്ങളില്‍ നിന്നും ഒക്കെ മാറി ഇവിടുത്തെ ബീച്ചുകളാണ് അന്നും എന്നും സഞ്ചാരികള്‍ക്ക് പ്രിയം.

കടല്‍ക്കാറ്റേറ്റ് നില്‍ക്കുന്ന തെങ്ങും അവിടുത്തെ ലൈറ്റ് ഹൗസും നാടന്‍ രുചികള്‍ വിളമ്പുന്ന കടകളും എല്ലാമായി തിരുവനന്തപുരത്തെ ബീച്ചുകള്‍ തകര്‍ക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെത്തിയാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ബീച്ചുകള്‍ എന്ന കാര്യത്തില്‍ സംശയമില്ല. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാനപ്പെട്ട ബീച്ചുകള്‍ പരിചയപ്പെടാം…

കോവളം ബീച്ച്

വിദേശികളും സ്വദേശികളും ഒടക്കം ആയിരക്കണക്കിന് പേര്‍ തേടിയെത്തുന്ന കോവളം കേരള ടൂറിസത്തിന്റെ അടയാളമാണ്. തിരുവനന്തപുരത്തെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളം ഒരുകാലത്ത് ഇന്ത്യയിലെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട ഒഴിവുകാല കേന്ദ്രങ്ങളിലൊന്നായിരുന്നു. പിന്നീട് ഇടക്കാലത്ത് ഹിപ്പികളുടെ താവളമായും ഈ ബീച്ച് മാറിയിരുന്നു. കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന ഈ ബീച്ച് തെങ്ങിന്‍ കൂട്ടങ്ങളാല്‍ നിറഞ്ഞു കിടക്കുന്ന ഒന്നാണ്. ഒരു വശത്ത് കടലും മറുവശത്ത് മനോഹരമായ പ്രകൃതി ഭംഗിയുമായി നില്‍ക്കുന്ന ഇവിടം അതിരാവിലെയോ അല്ലെങ്കില്‍ വൈകിട്ടോ ആണ് സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

ഹവ്വാ ബീച്ച്

കോവളം കോവളം ബീച്ചിനോട് ചേര്‍ന്നു കിടക്കുന്ന മറ്റൊരു പ്രധാന ബീച്ചാണ് ഹവ്വാ ബീച്ച്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ടോപ് ലെസ് ബീച്ച് കൂടിയാണിത്. വിദേശികളാണ് ഇവിടെ കൂടുതലായി എത്തിച്ചേരാറുള്ളത്. കോവളത്തുള്ള ബീച്ചുകളില്‍ സ്ഥാനം കൊണ്ട് രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ബീച്ച് കൂടിയാണിത്. ഒരു കാല്തത് യൂറോപ്യന്‍ വനിതകള്‍ ടോപ് ലെസായി ഇവിടെ കുളിച്ചിരുന്നുവെന്നും അങ്ങനെയാണ് ഈ ബീച്ച് ഹവ്വാ ബീച്ച് ആയി മാറിയതെന്നുമാണ് പറയപ്പെടുന്നത്. സാധാരണയായി തിരക്ക് വളരെ കുറഞ്ഞ ഇവിടെ പക്ഷേ, തിരകളുടെ ശക്തി കൂടുതലാണ്. അതുകൊണ്ട് തന്നെ കടലിലിറങ്ങുമ്പോഴും മറ്റും ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ ശ്രദ്ധിക്കുക.

ശംഖുമുഖം ബീച്ച്

തിരുവനന്തപുരം എയര്‍പോര്‍ട്ടിനോട് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം എന്ന നിലയില്‍ വിദേശികള്‍ കൂടുതലായും എത്തിച്ചേരുന്ന സ്ഥലമാണ് ശംഖുമുഖം ബീച്ച്. തിരുവനന്തപുരത്ത മറ്റു കടല്‍ത്തീരങ്ങളെ അപേക്ഷിച്ച് വൃത്തിയാണ് ഇതിന്റെ പ്രത്യേകത. കാനായി കുഞ്ഞിരാമന്റെ മത്സ്യ കന്യക എന്ന ശില്പം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നക്ഷത്രരൂപത്തിലുള്ള ഭക്ഷണശാല, കുട്ടികള്‍ക്കുള്ള ട്രാഫിക് പാര്‍ക്ക്,ജലത്തില്‍ സ്‌കേറ്റിംഗ് പഠിപ്പിക്കുന്ന ഇടം തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്. നഗരത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് ഈ ബീച്ചുള്ളത്.

സമുദ്ര ബീച്ച്

കോവളം കോവളത്തെ മൂന്നു ബീച്ചുകളില്‍ ഏറ്റവും അവസാനത്തേയാണ് സമുദ്ര ബീച്ച്. അശോക ബീച്ചിനു വടക്കു ഭാഗത്തായാണ് സമുദ്ര ബീച്ചുള്ളത്. കോവളം ബീച്ചില്‍ നിന്നും അല്പ ദൂരം നടന്നാല്‍ ഇവിടെ എത്താന്‍ സാധിക്കും. കടലിനു സമീപത്തെ പാറക്കെട്ടുകളില്‍ തല്ലിയാര്‍ക്കുന്ന തിരകളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത.

വര്‍ക്കല ബീച്ച്

സൂര്യാസ്തമയ കാഴ്ചകള്‍ക്കും ക്ലിഫിനും പേരുകേട്ടതാണ് വര്‍ക്കല ബീച്ച്. വെള്ളമണലില്‍ ശാന്തമായി കിടക്കുന്ന ഇവിടം ആത്മീയമായും ഏറെ പ്രസിദ്ധമാണ്. ശിവഗിരി മഠവും പാപനാശം ബീച്ചും ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും ഒക്കെയാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍. ആയുര്‍വ്വേദ സമാജ് സെന്ററുകളും മികച്ച ഹോട്ടലുകളും ഇവിടെ ലഭ്യമാണ്. തിരുവനന്തപുരത്തു നിന്നും 51 കിലോമീറ്റര്‍ അകലെയാണ് ബീച്ചുള്ളത്.

വിഴിഞ്ഞം ബീച്ച്

കോവളത്തു വന്നാല്‍ മറക്കാതെ പോയിരിക്കേണ്ട ബീച്ചാണ് വിഴിഞ്ഞം ബീച്ച്. കോവളത്തു നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. വിഴിഞ്ഞം ഹാര്‍ബര്‍, ആഴിമല ശിവക്ഷേത്രം, ഗുഹാ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് കാഴ്ചകള്‍.

പൂവാര്‍ ബീച്ച്

തിരുവനന്തപുരത്തിന്റെ തിരക്കുകളില്‍ നിന്നെല്ലാം മാറി കിടക്കുന്ന ഒരു ദ്വീപാണ് പൂവാര്‍. വിഴിഞ്ഞത്തിനടുത്തു സ്ഥിതി ചെയ്യുന്ന പൂവാര്‍പ്രകൃതി ഭംഗിയുടെ കാര്യത്തില്‍ തിരുവനന്തപുരത്തെ മറ്റെല്ലാ ബീച്ചിനെയും കടത്തിവെട്ടും. ഒരുകാലത്ത് വലിയ വ്യാപാര കേന്ദ്രമായിരുന്നു പൂവാര്‍ എന്നാണ് ചരിത്രം പറയു്‌നത്. ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒഫീര്‍ തുറമുഖം പൂവാറായിരുനിനുവെന്നും ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്.

ചൊവ്വര ബീച്ച്

തിരുവനന്തപുരത്തെ വൃത്തിയുള്ള ബീച്ചുകളില്‍ മറ്റൊന്നാണ് ചൊവ്വര ബീച്ച്. കോവളത്തു നിന്നും 10 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ബീച്ച് തെങ്ങുകള്‍ക്കിടയിലായാണുള്ളത്. തുടുംബവുമായാണ് ഇവിടെ ആളുകള്‍ കൂടുതലും എത്തുക. എന്നാല്‍ പുറമേ നിന്നുള്ളവര്‍ക്ക് അത്ര പരിചിതമല്ല ഇവിടം. മീന്‍ പിടിക്കാനായി ആളുകള്‍ കടലിലേക്കിറങ്ങുന്ന കാഴ്ചയാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. ആഴിമല ബീച്ച് ആഴിമല ക്ഷേത്രത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ബീച്ചാണ് ആഴിമല ബീച്ച്. ആയുര്‍വ്വേദ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും പേരുകേട്ട ഇവിടം സൂര്യാസ്തമയ കാഴ്ചകള്‍ക്കാണ് അറിയപ്പെടുന്നത്. ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഴിമല ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ആഴി എന്നാല്‍ കടല്‍ എന്നാണ് അര്‍ഥം.

നെല്ലിക്കുന്ന് ബീച്ച്
വിഴിഞ്ഞത്തിനും ചൊവ്വരയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബീച്ചാണ് നെല്ലിക്കുന്ന് ബീച്ച്. സ്വകാര്യ റിസോര്‍ട്ടുകളാണ് ഇവിടെ അധികമുള്ളത്.