Kerala

ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രി മുഖ്യമന്ത്രി 12ന് ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ ആദ്യത്തെ ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്റെ ഉദ്ഘാടനം ജനുവരി 12-ാം തീയതി ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു.

ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രിയുടെ വിജയകരമായ നടത്തിപ്പിനായി പുതിയ 20 സ്ഥിര തസ്തികകളും 8 താത്ക്കാലിക തസ്തികകളും സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ആശുപത്രി സൂപ്രണ്ട് 1, മെഡിക്കല്‍ ഓഫീസര്‍ ജനറല്‍ 2, സ്വസ്തവൃത 1, കായ ചികിത്സ 1, ശല്യ 1, അക്കൗണ്ട്സ് ഓഫീസര്‍ 1, ക്ലാര്‍ക്ക് 1, നഴ്സ് ഗ്രേഡ്-രണ്ട് 4, ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട് 1, നഴ്സിംഗ് അസിസ്റ്റന്റ് 2, ഫാര്‍മസി അറ്റന്റര്‍ 1, തെറാപ്പിസ്റ്റ് ഫീമെയില്‍ 2, തെറാപ്പിസ്റ്റ് മെയില്‍ 2 എന്നിങ്ങനെയാണ് തസ്തികള്‍ അനുവദിച്ചിട്ടുള്ളത്.

സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രി സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒന്നാണ്. ആരോഗ്യ മേഖലയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന കേരളം ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയിലൂടെ സ്പോര്‍ട്സ് ആയുര്‍വേദ രംഗത്തും പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.

ആയുര്‍വേദത്തിന്റെ കരുത്തില്‍ കായികതാരങ്ങള്‍ കുതിക്കുന്ന കാഴ്ച വിദൂരമാകില്ല. മികച്ച ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവനവും ആധുനിക സംവിധാനങ്ങളും ഈ ആയുര്‍വേദ സ്പോര്‍ട്സ് ഹോസ്പിറ്റലിനെ മികവുറ്റതാക്കുമെന്നതില്‍ സംശയമില്ലെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

പല വിദേശരാജ്യങ്ങളും കായിക താരങ്ങളുടെ കഴിവിനെ ഉത്തേജിപ്പിക്കാനും പരുക്കുകളെ കൈകാര്യം ചെയ്യാനും അവരുടെ പരമ്പരാഗത രീതികള്‍ ഉപയോഗിച്ചു വരുന്നു. പക്ഷേ ഇന്ത്യയില്‍ ഇതുവരെയും നമ്മുടെ തനതായ ചികിത്സാരീതി കായികരംഗത്ത് പ്രയോജനപ്പെടുത്തിയിട്ടില്ല.

പലരും പരുക്കു കാരണം കായിക രംഗത്ത് നിന്ന് പിന്‍വാങ്ങിയ സ്ഥിതി വിശേഷം വരെയുണ്ടായി. ഇതിനൊരു പരിഹാരമായാണ് സംസ്ഥാന ആയുഷ് വകുപ്പ് ആയുര്‍വേദ സ്പോര്‍ട്സ് ആശുപത്രിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.

ആയുര്‍വേദത്തിന്റെ നാട് എന്നറിയപ്പെടുന്ന കേരളത്തില്‍ ഏഷ്യയിലെ ആദ്യത്തെ സ്പോര്‍ട്സ് ആയുര്‍വേദ ആശുപത്രിയാണ് തൃശൂരില്‍ സാക്ഷാത്ക്കരിക്കുന്നത്. 3 നിലകളിലായി 31,000 ചതുരശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മ്മിച്ചിരിക്കുന്നത്.

50 കിടക്കകളോടു കൂടിയ ഹോസ്പിറ്റലില്‍ 2 മെയില്‍ വാര്‍ഡുകളും (30 കിടക്ക) ഒരു ഫീമെയില്‍ വാര്‍ഡും (15 കിടക്ക) എയര്‍ കീഷന്‍ ചെയ്ത 5 സ്യൂട്ട് റൂമുകളും അടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം, ഔട്ട്പേഷ്യന്റ് ചികിത്സക്കായി 5 ഒ.പി. സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കായികതാരങ്ങളുടെ കായികക്ഷമത വര്‍ദ്ധിപ്പിക്കാനും പരുക്കുകളില്‍ നിന്ന് മുക്തി നേടാനും ഭാരതീയ ചികിത്സാവകുപ്പ് സ്പോര്‍ട്സ് ആയുര്‍വേദ പദ്ധതിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. 8 ജില്ലകളിലാണ് (തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍) ഈ പദ്ധതി വിജയകരമായി മുന്നേറുന്നത്. ഭാരതീയ ചികിത്സാ വകുപ്പ് ആവിഷ്‌ക്കരിച്ച സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലിന്റെ മേല്‍ നോട്ടത്തില്‍ 8 ജില്ലകളിലായി 80 ഓളം പ്രത്യേക പരിശീലനം നേടിയിട്ടുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ച് വരുന്നു. കായിക രംഗത്തെ പരിക്കുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകമായി ഓഷധക്കൂട്ടുകള്‍ വിഭാവനം ചെയ്യുകയും (തൈലങ്ങള്‍, സ്പ്രേ, ലേപം) ഉപയോഗപ്പെടുത്തി വരുകയും ചെയ്യുന്നു.