വിനോദസഞ്ചാരികള്‍ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി
ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കു കടല്‍ യാത്രയ്ക്കായി ക്ലിയോപാട്ര ഫെറി ബോട്ട് ബേപ്പൂരിലെത്തി. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബോട്ട് വാന്‍സന്‍ ഷിപ്പിങ് സര്‍വീസസ് നേതൃത്വത്തിലാണ് യാത്ര തുടങ്ങുന്നത്.
പുലിമുട്ടിലെ മറീന ജെട്ടിയില്‍ നിന്നു തുടങ്ങി കോഴിക്കോട് ബീച്ച് ചുറ്റി വരും തരത്തിലാണ് യാത്ര. 100 പേര്‍ക്ക് സഞ്ചരിക്കാം . ചെറിയ യോഗങ്ങള്‍ ചേരാവുന്ന ശീതീകരിച്ച മുറിയും ബോട്ടിലുണ്ട്. വിവിധ പാക്കേജുകള്‍ പ്രകാരമാണ് നിരക്ക്. കൊച്ചിയില്‍ നിന്ന് എത്തിച്ച ബോട്ട് പെയിന്റിങും അറ്റകുറ്റപ്പണികളും നടത്തി റിപ്പബ്ലിക് ദിനത്തിനു മുന്‍പ് സര്‍വീസ് തുടങ്ങാനാണ് പദ്ധതി.
ബേപ്പൂര്‍ ബീച്ചില്‍ നടപ്പാക്കുന്ന സമഗ്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഈ കാല്‍വയ്പ്. ഇന്ത്യന്‍ റജിസ്‌ട്രേഷന്‍ ഓഫ് ഷിപ്പിങ്ങിന്റെ സര്‍ട്ടിഫിക്കേഷനോടു കൂടി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടലിലൂടെ ബോട്ട് സര്‍വീസ് നടത്തുകയെന്നു വാന്‍സന്‍ എംഡി ക്യാപ്റ്റന്‍ കെ.കെ.ഹരിദാസ് പറഞ്ഞു. വിദേശ വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് കടലിലൂടെയുള്ള ബോട്ട് സര്‍വീസിനു തുടക്കമിടുന്നത്.