മുംബൈ -എലഫന്റാ ഗുഹ റോപ്പ് വേ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

മുംബൈ നിവാസികള്‍ക്കും അല്ലെങ്കില്‍ ഒരിക്കലെങ്കിലും ഈ ബോളിവുഡ് നഗരത്തില്‍ സന്ദര്‍ശിച്ചവര്‍ക്കും പ്രശസ്തമായ എലഫന്റാ ഗുഹകളെ പറ്റി അറിയാം. ഈ ഗുഹകളില്‍ ശിവന്റെ ശില്പങ്ങള്‍ കാണാം. മുംബൈയില്‍ നിന്ന് പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപിലാണ് എലഫന്റാ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

ഈ ചരിത്ര പ്രസിദ്ധമായ അത്ഭുതം കാണാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് ബോട്ടുമാര്‍ഗ്ഗം ഈ ദ്വീപുകളില്‍ എത്താം. ഒരു മണിക്കൂറത്തെ യാത്രയാണ് ഇവിടേക്ക് എന്താന്‍ വേണ്ടത്. ബോട്ടുമാര്‍ഗ്ഗം ഇവിടെ എത്തുന്നത് ഒരു പുത്തന്‍ അനുഭവം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ പുതിയൊരു യാത്രാ സംവിധാനം കൂടി വരുന്നുണ്ട്.

മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളിലേക്ക് 8 കിലോമീറ്റര്‍ നീളമുള്ള റോപ്പ് വേ നിര്‍മ്മിക്കാനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് നിങ്ങളെ വെറും 14 മിനിറ്റു കൊണ്ട് മുംബൈയില്‍ നിന്നും എലഫന്റാ ഗുഹകളില്‍ എത്തിക്കും. 2022-ല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷ.

അറബി കടലിന് മുകളില്‍ നിര്‍മ്മിക്കുന്ന ഈ റോപ്പ് വേ കടലിന് മുകളിലൂടെ പോകുന്ന രാജ്യത്തെ ആദ്യ റോപ്പ് വേ ആയിരിക്കും. മുംബൈ പോര്‍ട്ട് ട്രെസ്റ്റ് ആണ് ഈ പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. 30 കേബിള്‍ കാറുകള്‍ ഈ വഴി സര്‍വീസ് നടത്തും.