ഐപിഎല്‍ പൂരത്തിന് ഇക്കുറി തിരുവനന്തപുരം വേദിയാകാന്‍ സാധ്യത
ഈ സീസണലിലെ ഐപിഎല്‍ മത്സരങ്ങള്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബിസിസിഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ട്.
പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ദക്ഷിണാഫ്രിക്കയിലോ യു എ ഇയിലോ, അല്ലെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ത വേദികളിലോ ഐപിഎല്‍ നടത്താമെന്നാണ് ബിസിസിഐ ടീം ഫ്രാഞ്ചൈസികളെ അറിയിച്ചത്. സാമ്പത്തിക ചെലവ് പരിഗണിച്ച് ഇന്ത്യയില്‍ മത്സരങ്ങള്‍ മതിയെന്നായിരുന്നു ടീമുകളുടെ മറുപടി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷത്തെ പത്ത് വേദികള്‍ക്ക് പകരം ബിസിസിഐ തിരുവനന്തപുരം ഉള്‍പ്പടെ ഇരുപത് വേദികളുടെ പട്ടികയുണ്ടാക്കിയത്.
ഐപിഎല്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സി ഇ ഒ അജയ് പത്മനാഭന്‍ പറഞ്ഞു. ഏറ്റവും അടുത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പുറമേ മറ്റ് ടീമുകളുടെ മത്സരവും ഗ്രീന്‍ഫീള്‍ഡില്‍ നടക്കാന്‍ സാധ്യതയുണ്ട്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ലഭ്യത പരിഗണിച്ച് ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ക്ക് മൂന്ന് മത്സരങ്ങളേ കിട്ടൂ എന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തിന് പുറമേ പൂനെ, ലക്‌നൗ, കാണ്‍പൂര്‍, റാഞ്ചി, കട്ടക്ക്, രാജ്‌കോട്ട്, ഗുവാഹത്തി, റായ്പൂര്‍, ഇന്‍ഡോര്‍, ധര്‍മ്മശാല, വിശാഖപട്ടണം എന്നീ വേദികളാണ് ബിസിസിഐ പരിഗണിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമേ ഐ പി എല്‍ മത്സക്രമവും വേദികളും അന്തിമമായി നിശ്ചയിക്കൂ.