കാസ്റ്റ്ലെസ് കളക്ടീവ് കേരളത്തിലേക്കെത്തുന്നു
“അയാം സോറി അയ്യപ്പാ … നാ ഉള്ള വന്താ യെന്നപ്പാ” എന്ന ഒറ്റ ഗാനത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച കാസ്റ്റ്ലെസ് കളക്ടീവ് കേരളത്തിലേക്ക്.
സ്ത്രീകളോടുള്ള ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയാല്‍ പങ്കെടുക്കാനാണ് കാസ്റ്റ്ലെസ് കളക്ടീവ് എത്തുന്നത്. ജനുവരി 12, 13 തീയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കലയിലൂടെയും സംഗീതത്തിലൂടെയും രാഷ്ട്രീയം അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചതാണ് 19 പേരടങ്ങുന്ന കാസ്റ്റ്ലെസ് കളക്ടീവ്.
നീലം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാനം ഫെസ്റ്റിവലിലാണ് പാ രഞ്ജിത്തിന്റെ കാസ്റ്റ്ലസ് കളക്ടീവ് ബാന്റ് ‘അയാം സോറി അയ്യപ്പാ’ എന്ന ഗാനം അവതരിപ്പിച്ചത്. ശബരിമല സത്രീ പ്രവേശനത്തെ പിന്തുണക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കെതിരെ നടത്തിയ അക്രമങ്ങളിലുള്ള പ്രതിഷേധം കൂടിയാണ് ഗാനം.
ഗാനത്തിന് വലിയ തോതിലുള്ള പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിന് മുന്‍പായിരുന്നു ഗാനം അവതരിപ്പിച്ചതെങ്കിലും യുവതികള്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേരളത്തിലും വലിയ തോതില്‍ ഗാനം ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.