പുതുവര്‍ഷത്തില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗുമായി കേരള ടൂറിസം
കേരളത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പുതുവര്‍ഷം നിരവധി പരിപാടികളാണ് അവതരിപ്പിക്കാന്‍ പോകുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഡ്രാഗണ്‍ ബോട്ട് റേസ് നടത്താന്‍ ഒരുങ്ങുകയാണ് ടൂറിസം വകുപ്പ്. കൊച്ചിയിലെ പ്രധാന ടൂറിസം കേന്ദ്രമായ മറൈന്‍ ഡ്രൈവില്‍ ചുണ്ടന് വള്ളം കളി സംഘടിപ്പിക്കാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
2018 ഓഗസ്റ്റില്‍ ആണ് ആദ്യമായി ഐപിഎല്‍ മാതൃകയില്‍ കേരളത്തില്‍ വള്ളം കളി സംഘടിപ്പിക്കാന്‍ കേരള ടൂറിസം തീരുമാനിച്ചത്. എന്നാല്‍, നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കേരളത്തെ മുക്കിയ കാലമായിരുന്നു അത്. അതിനാല്‍ വള്ളംകളി മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ 2019 ഓഗസ്റ്റില്‍ ഇത് വീണ്ടും നടത്താന്‍ പോവുകയാണ് ടൂറിസം വകുപ്പ്. എന്നാല്‍ ഇതില്‍ ചില പുതുമകളും ഉണ്ടാവും. മറൈന്‍ ഡ്രൈവാണ് ഇതില്‍ ഒന്ന്. ആദ്യമായിട്ടാണ് സംസ്ഥാനത്തു ഡ്രാഗണ്‍ ബോട്ട് റേസ് നടത്തണമെന്ന് ടൂറിസം വകുപ്പ് തീരുമാനിക്കുന്നത്.
ഡ്രാഗണ്‍ ബോട്ട് റേസ് സഞ്ചാരികള്‍ക്ക് വിനോദം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തുന്നത്. അതേസമയം, ചുണ്ടന് വള്ളം കളി പഴയ പ്രൗഡിയോടെ തന്നെ നടക്കും. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഒപ്പുള്ള വെള്ളി ട്രോഫിയാണ് സമ്മാനം. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന്റെയും സാമ്പത്തിക വകുപ്പിന്റെയും മേധാവികള്‍ തമ്മില്‍ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് അനുമതി നല്‍കുമെന്നാണ് കരുതുന്നതെന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
എല്ലാ ശനിയാഴ്ചകളിലും ടൂറിസം വകുപ്പ് ഒരു ബോട്ട് റേസ് ലീഗ് നടത്തും. പ്രളയത്തിന് ശേഷം 2018 അവസാനത്തോടെ ടൂറിസം വീണ്ടും സാധാരണ നിലയില്‍ എത്തിയെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു.
വിദേശ സഞ്ചാരികളുടെ വരവില്‍ ഓഗസ്റ്റില്‍ 18.46 ശതമാനവും സെപ്റ്റംബറില്‍ 18.16 ശതമാനവും കുറവാണ് സംസ്ഥാനത്തിന് ഉണ്ടായത്. അതേസമയം, നവംബറില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. 2017 നവംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നവംബറില്‍ മൈനസ് 0.2 വ്യതിയാനമാണ് ഉണ്ടായത്. സംസ്ഥാനം ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലുള്ള മാര്ക്കറ്റിംഗ്ക്യാംപെയ്ന് 2019-ല്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുമെന്നാണ് പറയുന്നത്.പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പ്രത്യേക ക്യാംപെയ്നും നടത്തും. റോഡ് ഷോകളും, ഫെയറുകളും സംഘടിപ്പിക്കുന്നതിനൊപ്പം തന്നെ പല ഭാഷകളില്‍ കേരളത്തെ പറ്റി സമൂഹ മാധ്യമങ്ങളില്‍ എഴുതാനായി ദേശീയ തലത്തില്‍ നിന്നും അന്താരാഷ്്ട്ര തലത്തില്‍ നിന്നും എഴുത്തുകാരെ സ്വാഗതം ചെയ്യും. വടക്കന്‍ കേരളത്തിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ പദ്ധതിയുടുന്നുണ്ട്. തലശ്ശേരി ഹെറിറ്റേജ് പദ്ധതിയും മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.