ഇനി മിന്നല്‍ ഹര്‍ത്താലുകള്‍ ഇല്ല; ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഏഴുദിവസത്തെ നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കുന്നതാകരുതെന്ന് ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഹര്‍ത്താല്‍ നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഏറ്റെടുക്കണമെന്നും നഷ്ടപരിഹാര തുക അവരില്‍ നിന്ന് ഈടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
ജനജീവിതത്തെയും വ്യാപാര മേഖലയേയും തകര്‍ത്തുകൊണ്ട് അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ്, മലയാള വേദി എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹര്‍ത്താലുകള്‍ക്കെതിരെ എന്ത് നടപടിയാണെടുത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. നഗരങ്ങളേക്കാര്‍ ഗ്രാമങ്ങളെയാണ് ഇത് ബാധിക്കുന്നത്. ഹര്‍ത്താലുകളെ തടയുന്നതിന് ഹൈക്കോടതിയും സുപ്രീകോടതിയും വിവിധ ഉത്തരവുകളിലൂടെ ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്ന് ഡിവിഷന്‍ ബെഞ്ച് സൂചിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് 97 ഹര്‍ത്താലുകളുണ്ടായി എന്ന് വിശ്വസിക്കാനാകുന്നില്ല.
ഹര്‍ത്താല്‍ എന്നാല്‍ വെറും തമാശയായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെയാണ് ഇത് മോശമായി ബാധിക്കുന്നത്. ഈ ഏര്‍പ്പാടിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തേ മതിയാകൂ. അടുത്ത രണ്ടു ദിവസത്തെ പൊതുപണിമുടക്കിനെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുത്തെന്നും കോടതി ആരാഞ്ഞു. ആവശ്യമുളള വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഹര്‍ത്താലിന് ഏഴ് ദിവസത്തെ നോട്ടീസ് നല്‍കുന്നത് നിയമമാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.