റെക്കോര്‍ഡ് നേട്ടവുമായി ദുബൈ ഗ്ലോബല്‍ വില്ലേജ്

ലോക സന്ദര്‍ശകര്‍ക്ക്  കാഴ്ചയുടെ വിസ്മയം സമ്മാനിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന് വീണ്ടും റെക്കോഡ് നേട്ടം. വിവിധ രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമന്വയിപ്പിക്കുന്ന ആഗോള ഗ്രാമം കഴിഞ്ഞ രണ്ടു മാസത്തിനിടെ സന്ദർശിച്ചത് 30 ലക്ഷം പേരാണ്. സന്ദർശകരുടെ സംതൃപ്തി സൂചികയിൽ പത്തിൽ ഒൻപത് റേറ്റിങ് നേടിയെന്ന മികവാണ് ഗ്ലോബൽ വില്ലേജിന് സ്വന്തമായത്.

അറുപത് ദിവസത്തിനിടെ മുപ്പത് ലക്ഷം സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. യു എ ഇ യിൽ മാത്രമല്ല മിഡിൽ ഈസ്റ്റിൽ തന്നെ കുടുംബങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദകേന്ദ്രമായി ഗ്ലോബൽ വില്ലേജ് മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സന്ദർശകരുടെ അഭിപ്രായങ്ങൾ അറിയാനും സേവനങ്ങൾ മെച്ചപ്പെടുത്താനും പല ഡിജിറ്റൽ പദ്ധതികളും പുതുതായി ആവിഷ്കരിച്ചിട്ടുണ്ട്.

78 രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്ന 3500 ഔട്‌ലെറ്റുകളും, വ്യത്യസ്ത രുചികൾ നിറച്ച 150 ലധികളെ ഭക്ഷണശാലകളും, റൈഡുകളുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്.  ലോക റെക്കോർഡ് ലക്ഷ്യമിടുന്ന ‘വീൽ ഓഫ് ദ വേൾഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടയിന്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പുതുമകള്‍.

പവലിയനിലെ കലാപരിപാടികള്‍ക്ക് പുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. 12,000 ലേറെ കലാസാംസ്കാരിക പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.