India

ചരിത്ര നഗരം വാരണാസിയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങള്‍

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വാരാണസി. ഉത്തര്‍ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ തീരത്താണ് അതിമനോഹരമായ ഈ ചരിത്ര നഗരം സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ പാതകളിലൂടെ തിക്കിലും തിരക്കിലൂടെയും നടക്കുന്നത് ആദ്യം നിങ്ങളെ മടുപ്പിക്കും. എന്നാല്‍, ഇവിടുത്തെ ചില സ്ഥലങ്ങളും പ്രത്യേകതകളും നിങ്ങളെ തളര്‍ത്തില്ല. ബനാറസി കൈത്തറി സാരികള്‍, കാര്‍പെറ്റുകള്‍, ആഭരണങ്ങള്‍, രുചിയേറിയ മലൈയോ, ബനാറസി പാന്‍, പുണ്യനദിയുടെ തീരത്തിരുന്ന സൂര്യാസ്തമയ കാഴ്ച തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് വാരാണസിയില്‍ ലഭിക്കുന്നത്.

വാരാണസിയിലേക്ക് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഈ നാല് കാര്യങ്ങള്‍ കൂടി നിങ്ങള്‍ ചെയ്യുക.

ഘട്ട്

വാരാണസിയിലെ പ്രധാന ആകര്‍ഷണം അവിടുത്തെ കടവുകളാണ് (ഘട്ട്). 84 കടവുകളാണ് ഇവിടെയുള്ളത്. തങ്ങളുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് മോക്ഷം നേടാന്‍ ഇവിടെ നിരവധി ഭക്തര്‍ എത്തുന്നുണ്ട്. കടവുകള്‍ എപ്പോളും തിരക്കേറിയത് ആണെങ്കിലും മികച്ചൊരു അനുഭവമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. ഗംഗയിലെ ബോട്ട് റൈഡും ദശാശ്വമേധ് ഘാട്ടിലെ ദീപം തെളിയിക്കുന്ന കാഴ്ചകളും കാണാം. അസ്സി ഘാട്ട്, മണികര്‍ണിക ഘാട്ട് എന്നിവയാണ് മറ്റു പ്രധാന കടവുകള്‍.

സാരാനാഥിലേക്കൊരു യാത്ര

തിരക്കില്‍ നിന്നും മാറി കുറച്ചു ശാന്തവും സമാധാനവുമായി യാത്ര ചെയ്യാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ സാരാനാഥിലേക്ക് പോകാം. വാരണാസിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. ഭഗവാന്‍ ശ്രീബുദ്ധന്‍ ആദ്യമായി ധര്‍മ്മപ്രഭാഷണം അരുള്‍ചെയ്തത് സാരാനാഥില്‍ വെച്ചായിരുന്നു. മനോഹരമായ സ്തൂപങ്ങളും ക്ഷത്രങ്ങളും ഇവിടെയുണ്ട്.

ക്ഷേത്രങ്ങള്‍

വാരാണസി എന്ന പുണ്യ നഗരത്തിന്റെ മറ്റൊരു പേരാണ് കാശി. ഇവിടെ നിരവധി ക്ഷേത്രങ്ങളാണുള്ളത്. ഗംഗാ നദിയുടെ തീരത്തു തന്നെ ചരിത്ര പ്രസിദ്ധമായ കുറേ ക്ഷേത്രങ്ങളുണ്ട്. നാഗര ശൈലിയിലുള്ള ക്ഷേത്രങ്ങളും കാണാം. ശിവക്ഷേത്രമായ കാശി വിശ്വനാഥക്ഷേത്രമാണ് ഇതില്‍ ഏറ്റവും പ്രധാനം. ഗോള്‍ഡന്‍ ടെംപിളും ദുര്‍ഗ ക്ഷേത്രവും ആണ് മറ്റ് പ്രധാന ക്ഷേത്രങ്ങള്‍.

രാംനഗര്‍ കോട്ട

ഗംഗാ നദിയുടെയും കടവുകളുടെയും മനോഹരമായ കാഴ്ചയാണ് മുഗള്‍ ശൈലിയിലുള്ള ഈ കോട്ട നല്‍കുന്നത്. 1750-ല്‍ രാജ ബല്‍വന്ത് സിംഗ് ആണ് ഇത് നിര്‍മ്മിച്ചത്. മണല്‍ക്കല്ലുകള്‍ കൊണ്ടാണ് ഇത് പണിതത്. ദസ്റയില്‍ ഇവിടെ ഒരുപാട് പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. രാമലീലയാണ് ഇതില്‍ പ്രധാനം. കടവുകളില്‍ നിന്നും കോട്ടയിലേക്ക് ബോട്ടില്‍ പോകാവുന്നതാണ്. നഗരത്തില്‍ നിന്നും 14 കിലോമീറ്റര്‍ ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.