യാത്ര ഗവിയിലേക്കാണോ , എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
കേരളത്തിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ കൂടുതല്‍ അന്വേഷിക്കുന്ന കേന്ദ്രമേതെന്ന് നോക്കിയാല്‍ അതില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്ന ഇടമാണ് പത്തനംത്തിട്ട ജില്ലയിലെ ഗവി.
ഓര്‍ട്ടനറി എന്ന ഒറ്റ മലയാള ചിത്രത്തിലെ കാഴ്ചകളാണ് സഞ്ചാരികളെ ഗവിയിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. ഇന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗവിയിലേക്ക് എത്ര കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുന്നുണ്ട്? സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടോ എന്നതിനെക്കുറിച്ചെല്ലാം കൂടുതലറിയാം.
പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേയ്ക്കാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത്. അതുപോലെ കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്കും ബസ് സര്‍വീസുകളുണ്ട്. ബസിന്റെ സമയക്രമം പത്തനംതിട്ടയിലെയും കുമളിയിലെയും കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളില്‍ നിന്നറിയാന്‍ കഴിയുന്നതാണ്. ധാരാളം സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ, കെഎസ്ആര്‍ടിസി ബസുകളില്‍ എപ്പോഴും നല്ല തിരക്കാണ്.
സ്വകാര്യ വാഹനങ്ങളിലും ഗവിയിലേക്കു പോകാം. പക്ഷേ പരിമിതമായ എണ്ണം വാഹനങ്ങളെ മാത്രമേ അങ്ങോട്ട് പ്രവേശിപ്പിക്കാറുള്ളു. ചെക്ക് പോസ്റ്റില്‍ നിന്നും പാസ് ലഭിക്കുന്ന മുറയ്ക്ക് പത്തു മുതല്‍ മുപ്പതു സ്വകാര്യ വാഹനങ്ങളെ വരെ വനത്തിനകത്തേക്ക് കടത്തിവിടും. രാവിലെ ഏഴുമുതലാണ് പ്രവേശനത്തിനുള്ള പാസ് നല്‍കിത്തുടങ്ങുന്നത്. ഓഫ്റോഡ് ആയതുകൊണ്ടു തന്നെ ചെറുവാഹനങ്ങളേക്കാള്‍ ജീപ്പിലുള്ള യാത്രയായിരിക്കും ഉത്തമം. ടുവീലറുകള്‍ക്കും പൊതുവേ പ്രവേശനം അനുവദിക്കാറില്ല.
ഗവിയിലെ കാഴ്ചകള്‍ക്കുപരിയായി അവിടെത്തിച്ചേരാനുള്ള യാത്രയാണ് ആസ്വാദ്യകരം. സാഹസിക യാത്രകളോടു താല്‍പര്യമുള്ളവര്‍ക്കു കൊടുംകാട്ടിലൂടെയുള്ള യാത്ര ഏറെയിഷ്ടപ്പെടും. കിലോമീറ്ററുകള്‍ വനത്തിലൂടെയാത്ര ചെയ്യുക എന്നതു ഏറെ ഹരം പകരുന്ന കാര്യമാണ്. കൂടാതെ, ആനക്കൂട്ടങ്ങളെയും കാട്ടുപോത്തുകളെയും ആ യാത്രയില്‍ കാണുവാന്‍ സാധിക്കുന്നതാണ്. അപൂര്‍വയിനമായ നീലഗിരി താര്‍ എന്ന വരയാടുകളുടെയും സിംഹവാലന്‍ കുരങ്ങുകളുടെയും ദര്‍ശനവും ഭാഗ്യമുണ്ടെങ്കില്‍ ഈ യാത്രയില്‍ ലഭിക്കും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3400 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമായതുകൊണ്ടുതന്നെ കടുത്തവേനലില്‍ പോലും ഇവിടെ 10 ഡിഗ്രി ചൂടെ അനുഭവപ്പെടാറുള്ളു. സുന്ദരമായ പുല്‍മേടുകളും മൊട്ടക്കുന്നുകളുമാണ് ഗവിയിലെ മറ്റൊരു ആകര്‍ഷണം.
സ്വന്തം വാഹനങ്ങളിലുള്ള യാത്ര, അല്‍പം അപകടകരമാണ്. ഇടയ്ക്കു ആനയിറങ്ങുന്നതു കൊണ്ടുതന്നെ പേടിക്കേണ്ടതാണ്. കെഎസ്ആര്‍ടിസി ബസുകളിലെ യാത്ര അല്‍പം കൂടി സുരക്ഷിതമാണെന്നാണ് പൊതുവേ പറയുന്നത്. മാത്രമല്ല, ഈ യാത്രയില്‍ ബസ് ജീവനക്കാരുടെ പരിചയസമ്പന്നതയും ഒരു പരിധിവരെ അപകടങ്ങളില്‍ നിന്നും രക്ഷയാകും. മനുഷ്യയിടപെടലുകള്‍ അവിടുത്തെ മൃഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതുകൊണ്ടു പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ അവിടെയുപേക്ഷിക്കരുത്. മാത്രമല്ല, മദ്യപാനം ഇവിടെ അനുവദനീയമല്ല.
അവധിക്കാലത്ത് ഗവി യാത്ര തിരഞ്ഞെടുക്കുമ്പോള്‍ തിരക്കറുമെന്നതുകൊണ്ടുതന്നെ യാത്രയ്ക്കുള്ള പദ്ധതികള്‍ മുന്‍ക്കൂട്ടി തയാറാക്കണം. കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വിവിധ ടൂര്‍ പാക്കേജുകള്‍ അതിനായി തയാറാക്കിയിട്ടുണ്ട്. അതിനെക്കുറിച്ചു കൂടുതലറിഞ്ഞു വെയ്ക്കുന്നതും അതുപ്രകാരം യാത്രയ്ക്കുള്ള പദ്ധതി തയാറാക്കുന്നതും സുഖകരമായി ഗവി കണ്ടുമടങ്ങാന്‍ സഹായിക്കും. കാടും കാഴ്ചകളും കാണുക മാത്രമല്ല, ട്രെക്കിങ്ങ്, ഔട്‌ഡോര്‍ ക്യാംപിങ്, സഫാരി തുടങ്ങിയ വിനോദങ്ങളും ഇവിടെ ആസ്വദിക്കാവുന്നതാണ്. താമസം അടങ്ങിയ പാക്കേജുകളെക്കുറിച്ചറിയാനും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനും കെ എഫ് ഡി സിയുടെ ഗവി ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും.
മകരവിളക്കിന്റെ തിരക്കു കാരണം ജനുവരി 12 മുതല്‍ ജനുവരി 17 വരെ ഗവിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.