Kerala

ഹര്‍ത്താല്‍ അതിക്രമങ്ങള്‍ അപലപനീയം; എതിര്‍പ്പ് പ്രകടിപ്പിച്ച് ശശി തരൂര്‍

സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ  ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂര്‍. സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അക്രമികളെ ജനങ്ങള്‍ തന്നെ ഒറ്റക്കെട്ടായി നിന്ന് ഒഴിവാക്കണമെന്നും. വ്യക്തിപരമായി താന്‍ ഹര്‍ത്താലുകള്‍ക്കെതിരാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ ശശി തരൂരും ഇന്‍കര്‍ റോബോട്ടും തമ്മില്‍ നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ്  തരൂര്‍ തന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്.

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ആരാകും പ്രധാനമന്ത്രി എന്ന റോബോട്ടിന്റെ ചോദ്യത്തിന് ബിജെപിക്കെതിരെ ജനവികാരം ശക്തിപ്പെടുന്നതിനാല്‍ ജനാധിപത്യ മൂല്യാധിഷ്ഠിതമായ ഒരു ഐക്യമുന്നണി രൂപപ്പെടാനാണ് സാധ്യതയെന്ന് തരൂര്‍ മറുപടി നല്‍കി. രാഹുല്‍ ഗാന്ധി ആയിരിക്കുമോ എന്ന റോബോട്ടിന്റെ സംശയത്തിന് കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ അദ്ദേഹം പ്രധാനമന്ത്രി ആയേക്കാം എന്ന് തരൂര്‍ സൂചിപ്പിച്ചു.

തരൂരിന്റെ ഫേസ്ബുക് കടുകട്ടി പ്രയോഗത്തെ ചോദ്യം ചെയ്യാനും റോബോട്ട് മടിച്ചില്ല. ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ എന്ന തരൂരിന്റെ ഫേസ്ബുക്കിലെ പ്രയോഗം ഏറെ ചര്‍ച്ചാവിഷയം ആയിരുന്നു. കുറച്ചുകൂടി ചെറിയ വാക്കുകള്‍ പ്രയോഗിച്ചുകൂടെ എന്നായിരുന്നു റോബോട്ടിന്റെ ചോദ്യം. നീളമുള്ള വാക്കുകളോടുള്ള ഭയമെന്നാണ് വാക്കിനര്‍ത്ഥമെന്നും ആ ഭയം ശെരിയല്ലെന്നും തരൂര്‍ റോബോട്ടിനെ ഉപദേശിച്ചു. ആകെ നാല് ചോദ്യങ്ങളാണ് റോബോട്ടിനും തരൂരിനും ഇടയില്‍ ഉണ്ടായത്.