കാല്‍വരി മൗണ്ടില്‍ രാപാര്‍ക്കാം ടൂറിസം സെന്ററിലെത്തിയാല്‍

ഇടുക്കി ജലാശയവും വനമേഖലയും ഒരു വശത്ത്. പശ്ചിമഘട്ട മലനിരകള്‍ മറുവശത്ത്. കാഴ്ചയ്ക്കു കുളിര് പകരാന്‍ തേയിലത്തോട്ടങ്ങള്‍. ജില്ലാ ആസ്ഥാനത്തിനോടു ചേര്‍ന്ന കാല്‍വരി മൗണ്ടില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വിനോദസഞ്ചാരികള്‍ക്കു താമസം ഒരുക്കുന്നതിനായി നിര്‍മിച്ച ടൂറിസം സെന്ററില്‍ ഇരുന്നാല്‍ പ്രകൃതിയുടെ ഈ സുന്ദര കാഴ്ചകള്‍ ആവോളം ആസ്വദിക്കാം. ഇതിനോടു ചേര്‍ന്നു വനംവകുപ്പിന്റെ ഉദ്യാനവും വ്യൂ പോയിന്റുമുണ്ട്.


ദിനംപ്രതി നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ എത്തിച്ചേരുന്ന കാല്‍വരി മൗണ്ട് മലനിരയില്‍ തന്നെ മികച്ച താമസ സൗകര്യം ഒരുക്കാനാകുന്നതിലൂടെ കൂടുതല്‍ വിനോദ സഞ്ചാരികളെ ജില്ലാ ആസ്ഥാന മേഖയിലേക്ക് ആകര്‍ഷിക്കാനാകും. രണ്ടു ബെഡ്റൂം, ഒരു ബെഡ്റൂം, പാര്‍ക്കിങ്, കന്റീന്‍ സൗകര്യങ്ങളും ടൂറിസം സെന്ററിന്റെ ഭാഗമായിട്ടുണ്ട്. ഒരു മാസത്തിനകം സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി ദിവസ വാടകയ്ക്കു സഞ്ചാരികള്‍ക്കു നല്‍കാനാകും.

ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നു 10 കിലോമീറ്ററില്‍ താഴെ ദൂരം മാത്രമാണ് കാല്‍വരി മൗണ്ട് മലമുകളിലേക്കുള്ളത്. ഈ മാസം 20 വരെ ശനി, ഞായര്‍, പൊതു ഒഴിവു ദിവസങ്ങളില്‍ ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനും ജലാശയത്തില്‍ ബോട്ടിങ്ങിനും സൗകര്യം ഉള്ളതിനാല്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി അനേകം സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്.