ഹര്‍ത്താല്‍; വായ മൂടിക്കെട്ടി പ്രതിഷേധം പ്രകടനം നടത്തി വയനാട് ടൂറിസം മേഖല

അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ക്കെതിരെ വയനാട് ടൂറിസം മേഖല വായ മൂടിക്കെട്ടി പ്രതിഷേധം നടത്തി.


വയനാട് മേഖലയെ ഏറെ ബാധിച്ച നിപ്പവൈറസിനും പ്രളയത്തിനും ശേഷം ടൂറിസം രംഗം ഉയര്‍ത്തേഴുന്നേറ്റു വരുന്ന സാഹചര്യത്തിലായിരുന്നു. എന്നാല്‍ ഈ സമയത്താണ് അപ്രഖ്യാപിത ഹര്‍ത്താലുകള്‍ കാരണം മേഖല സ്തംഭിച്ചത്.

വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ്, വയനാട് ടൂറിസം അസോസിയേഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വയനാട് മേഖലയിലെ ടൂറിസം സംഘടനകളും, ടൂര്‍ ഓപ്‌റേറ്റര്‍മാരും, ജീവനക്കാരും വായമൂടിക്കെട്ടി പ്രതിഷേധം അറിയിച്ചു.

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ ജാഥ കല്‍പ്പറ്റ ടൗണ്‍ മുഴുവന്‍ ചുറ്റി പുതിയ ബസ്റ്റാന്റിന് സമീപത്താണ് അവസാനിച്ചത്. മേഖലയിലെ വിവിധ രംഗത്ത് നിന്നുള്ള 70 പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് സെക്രട്ടറി പ്രവീണ്‍ പി രാജ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ജോമോന്‍ ജോര്‍ജ്, വയനാട് ടൂറിസം അസോസിയേഷന്‍ പ്രതിനിധി സുബൈര്‍ എലംകുളം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഹര്‍ത്താലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇനി വരും ഹര്‍ത്താല്‍ ദിനങ്ങളില്‍ വയനാട് ടൂറിസം മേഖല സാധാരണ ദിവസം പോലെ തന്നെ പ്രവര്‍ത്തിക്കുമെന്ന് വയനാട് ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് സെക്രട്ടറി പ്രവീണ്‍ പി രാജ് ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. ഇന്ന് നടന്ന ഹര്‍ത്താലിനെ അനുകൂലിക്കാതെ രാവിലെ സ്ഥാപനങ്ങള്‍ എല്ലാം സാധാരണ പോലെ പ്രവര്‍ത്തിച്ചിരുന്നു എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രതിഷേധവുമായി വന്ന് നിര്‍ബന്ധിതമായി അടപ്പിക്കുകയായിരുന്നു. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു