Kerala

മഞ്ഞില്‍ അലിഞ്ഞ് മൂന്നാര്‍; മീശപ്പുലിമലയില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി

അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. പതിവിനു വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് തണുപ്പിന് കാഠിന്യമേറിയത്. ബുധനാഴ്ച അതിരാവിലെയാണ് ഏറ്റവും കൂടുതല്‍ തണുപ്പ് രേഖപ്പെടുത്തിയത്. മീശപ്പുലി മല, ഗൂഡാരവിള, ചെണ്ടുവര, കുണ്ടള, കന്നിമല എന്നിവിടങ്ങള്‍ മൈനസ് മൂന്നു ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങല്‍ലും മൈനസ് ഡിഗ്രിയായിരുന്നു.

മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും പച്ചപ്പുല്‍മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെ തോന്നിപ്പിച്ചു. വാഹനങ്ങളുടെ മുകളിലും വീടിന്റെ മേല്‍ക്കൂരകളിലും മഞ്ഞ് മൂടിയ നിലയിലായിരുന്നു. ഈ ശൈത്യകാലത്ത് ഇതാദ്യമായാണ് തണുപ്പ് ഇത്രയും ശക്തമായി അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മൈനസ് രണ്ടു ഡിഗ്രിയിലെത്തിയിരുന്നു. സാധാരണ ഗതിയില്‍ ഡിസംബര്‍ ആദ്യവാരം മുതല്‍ ശക്തമായ തണുപ്പ് അനുഭവപ്പെട്ടിരുന്ന മൂന്നാറിലും എസ്റ്റേറ്റ് പ്രദേശങ്ങളിലും തണുപ്പ് ഇത്തവണ കാര്യമായി അനുഭവപ്പെട്ടിരുന്നില്ല.

എന്നാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായ മീശപ്പുലിമലയില്‍ തണുപ്പ് മൈനസ് 3 ഡിഗ്രി രേഖപ്പെടുത്തി. ശൈത്യം മൂന്നാറില്‍ പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മീശപ്പുലിമലയിലേക്ക് യുവാക്കളുടെ തിരക്കാണ്. കെ.എഫ്.ഡി.സിയുടെ അനുമതി വാങ്ങി മൂന്നാര്‍ സൈലന്റുവാലി വഴിയാണ് മീശപ്പുലി മലയില്‍ എത്തുന്നത്. കെ.എഫ്.ഡി.സിയുടെ മീശപ്പുലിമലയില്‍ സന്ദര്‍ശകരെ എത്തിക്കുന്നതിന് മിനി ബസടക്കം അനുവധിച്ചെങ്കിലും സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടില്ല. റോഡിന്റെ അറ്റക്കുറ്റപ്പണികള്‍ നീളുകയാണെന്ന് പറഞ്ഞാണ് സര്‍വ്വീസുകള്‍ ആരംഭിക്കാത്തത്.