Kerala

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍; സഹകരിക്കില്ല എന്ന് കേരളത്തിലെ സംഘടനകള്‍

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ കര്‍മ്മസമിതി നാളെ നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരളത്തിലെ വിവിധ സംഘടനകള്‍. നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് ടി നസീറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതിക്കൊപ്പമുള്ള 96 സംഘടനകളും ഹര്‍ത്താലിന് എതിരായി അണിനിരക്കുമെന്നും നസിറുദ്ദീന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ സംഘടനയായ അസോയിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയി )ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ടൂറിസം ന്യൂസ് ലൈവിനോട് വ്യക്തമാക്കി. അറ്റോയി പ്രസിഡന്റ് വിനോദ് സി എസ് ആണ് നിലപാട് അറിയിച്ചത്. മറ്റ് ടൂറിസം സംഘടനകളും ഇതിനോട് സഹകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ എല്ലാ സംഘടനകളും ചര്‍ച്ച നടത്തി.പൊലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ ബന്ധപ്പെട്ടു. കടകള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് കര്‍മ്മസമിതി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തേ ബിജെപി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇനി ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്നിവര്‍ ചേര്‍ന്ന് വ്യക്തമാക്കിയിരുന്നു.

യുവതീ പ്രവേശനത്തിനെതിരെ രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കര്‍മസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.