Kerala

സില്‍വര്‍ ഡിസ്‌ക്കവറര്‍ ആഡംബര കപ്പല്‍ വിഴിഞ്ഞത്തേക്ക്

വിഴിഞ്ഞത്ത് എമിഗ്രേഷന്റെ കടല്‍ചെക്ക് പോസ്റ്റ് തുടങ്ങിയതിനുശേഷം രണ്ടാമത്തെ ആഡംബര കപ്പല്‍ വരുന്നു. എം.വി.സില്‍വര്‍ ഡിസ്‌കവറര്‍ എന്ന കപ്പലാണ് 17-ന് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിടുക. ലോക സഞ്ചാരത്തിന്റെ ഭാഗമായാണ് കപ്പലെത്തുക. ലക്ഷദ്വീപിലെ ചേരിയാമില്‍ നിന്ന് കപ്പല്‍ 17-ന് രാവിലെ 7.30-ന് വിഴിഞ്ഞത്ത് എത്തും. ഒക്ടോബര്‍ പത്തിന് ദുബായില്‍ നിന്നുള്ള ബൗദ്ധിക എന്ന കപ്പലാണ് ആദ്യമെത്തിയിരുന്നത്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് കപ്പലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പി.ആര്‍.ഒ.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കസ്റ്റംസ് ഉദ്യോഗസ്ഥരും കപ്പലിലെത്തി പരിശോധ നടത്തിയതിനുശേഷമാകും യാത്രക്കാരെ പുറത്തിറക്കുകയെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ അറിയിച്ചു. കരയ്ക്കിറങ്ങിയശേഷം ഇവര്‍ തിരുവനന്തപുരത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്കുശേഷം മൂന്നിന് കപ്പല്‍ ശ്രീലങ്കയിലേക്ക് മടങ്ങും. കപ്പലില്‍ 120 പേരുണ്ടാവുമെന്ന് ടൂര്‍ ഓപ്പറേറ്റിങ് ഏജന്‍സിയായ ജെ.എം. ബക്ഷി ആന്‍ഡ് കോ കമ്പനി അധികൃതര്‍ പറഞ്ഞു.

ജീവനക്കാരടക്കം 216 പേര്‍ക്ക് കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. 102.96 മീറ്റര്‍ നീളവും 15.40 മീറ്റര്‍ വീതിയുമാണ് കപ്പലിനുള്ളത്. ബഹമാസ് ദ്വീപില്‍ നിന്നുള്ള ആഡംബര കപ്പലാണിത്. മണിക്കൂറില്‍ 14.0 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് ഒരു ദിവസം സഞ്ചരിക്കാന്‍ 20.4 മെട്രിക് ടണ്‍ ഇന്ധനം വേണം. 81 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ലൈഫ് ബോട്ടുകളും 25 പേര്‍ക്ക് പോകാവുന്ന ചങ്ങാടങ്ങളും രണ്ട് രക്ഷാബോട്ടുകളും അടങ്ങുന്ന ജീവന്‍ രക്ഷാ ഉപകരണങ്ങളും കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്.