പുതുവര്‍ഷം യാത്രകള്‍ പോകാം ഈ ഇടങ്ങളിലേക്ക്

പുതിയ വര്‍ഷമായിട്ട് ഒരു യാത്രയെക്കുറിച്ച് ചിന്തിക്കാത്തവര്‍ കാണില്ല. ഇനിയുള്ള ദിവസങ്ങളില്‍ ചെയ്യേണ്ട യാത്രകളും കണ്ടു തീര്‍ക്കേണ്ട സ്ഥലങ്ങളും മനസ്സില്‍ ഒന്നു കണക്കു കൂട്ടി വെച്ച് പ്ലാന്‍ ചെയ്തവരായിരിക്കും മിക്കവരും. എന്നാല്‍ പുതുവര്‍ഷത്തിലെ ആദ്യ മാസത്തിലെ യാത്ര അങ്ങനെ ചെറുതാക്കുവാന്‍ പറ്റില്ലല്ലോ…ജനുവരിയില്‍ കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ പരിചയപ്പെടാം…

മഞ്ഞണിഞ്ഞ ഔലി


നാലുപാടും മഞ്ഞുമാത്രം നിറഞ്ഞു കിടക്കുന്ന ഒരിടത്തുകൂടം യാത്ര ചെയ്യണമെങ്കില്‍ അതിനു പറ്റിയ നേരം ഇതാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌കീയിങ്ങ് ഇടങ്ങളിലൊന്നായ ഔലിയെ മികച്ചതാക്കുന്നത് ഇവിടുത്തെ മഞ്ഞ് തന്നെയാണ്. നന്ദാ ദേവി പര്‍വ്വത നിരയുടെ മനോഹരമായ കാഴ്ചയും പ്രകൃതി ഒരുക്കിയിരിക്കുന്ന നിര്‍മ്മിതികളും ഒക്കെ ഈ പ്രദേശത്തെ വിദേശികളുടെ വരെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു. കവാനി ബുഗ്യാല്‍, ത്രിശൂല്‍ പീക്ക്, രുദ്രപ്രയാഗ്, ജോഷി മഠ്, ചെനാബ് ലേക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍. സ്‌കീയിങ്ങ്, ട്രക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ പരീക്ഷിക്കാം.

പിങ്ക് സിറ്റി ജയ്പ്പൂര്‍

Courtesy: amerjaipur.in

പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂരിന്റെ മറ്റൊരു നിറഭേദം കാണുവാന്‍ പറ്റിയ സമയമാണ് ജനുവരി. സ്ഥിരം കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി ആഴത്തില്‍ ജയ്പൂരിനെയും അതിന്റെ സംസ്‌കാരങ്ങളെയും പരിചയപ്പെടുവാന്‍ സാധിക്കുന്ന സമയമാണ് ജനുവരി. ജയ്പൂര്‍ സാഹിത്യോത്സവമാണ് ഈ സമയത്ത് ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം. കൂടാതെ എന്നത്തെയും പോലെ കോട്ടകളും കൊട്ടാരങ്ങളും എന്നും ഇവിടെ സഞ്ചാരികള്‍ക്കായി തുറന്നു കിടക്കുകയും ചെയ്യും. ഹവാ മഹല്‍, ആമീര്‍ കോട്ട, ജന്തര്‍ മന്ദര്‍, ബിര്‍ള മന്ദിര്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

ഭൂതകാലവും വര്‍ത്തമാനകാലവും ഒരുമിച്ച് തുറക്കുന്ന ഡെല്‍ഹി


ഒരു നാടിന്റെ പഴയയെയും പുതുമയെയും ഒരൊറ്റ വാതിലിലൂടെ കാണണമെങ്കില്‍ അതിനു ഏറ്റവും യോജിക്കുന്ന സ്ഥലമാണ് ഡെല്‍ഹി. ഡെല്‍ഹി കാണുന്നുണ്ടെങ്കില്‍ അത് ജനുവരിയിലായിരിക്കണമെന്നു മാത്രം. ആഘോഷങ്ങളും അതിനെ നെഞ്ചോട് ചേര്‍ക്കുന്ന ആളുകളും വ്യത്യസ്ത സംസസ്‌കാരങ്ങളും അതിനു നടുവില്‍ ഇന്ത്യയെന്ന ഒരൊറ്റ വികാരത്തില്‍ ജീവിക്കുന്ന ജനങ്ങളും കൂടിയാകുമ്പോള്‍ പൂര്‍ത്തിയാവുന്നത് ഒരു നാടിന്റെ ചരിത്രമാണ്. രാജവംശങ്ങളുടെ കഥ പറയുന്ന കെട്ടിടങ്ങളും അതിനെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകളും കെട്ടഴിയാത്ത കഥകളും ഒക്കെയുള്ള ഡെല്‍ഹി ഒരൊറ്റ യാത്രയിലൂടെ രാജ്യത്തെ മൊത്തം അറിയുവാന്‍ സഹായിക്കുന്ന ഇടം കൂടിയാണ്. ചരിത്ര സ്മാരകങ്ങള്‍, കെട്ടിടങ്ങള്‍, അക്ഷധാം ക്ഷേത്രം, ലോട്ടസ് ടെംപിള്‍, തുടങ്ങിയവയാണ് ഇവിടെ കണ്ടിരിക്കേണ്ട ഇടങ്ങള്‍. ജനുവരിയില്‍ ഇവിടെ എത്തിയാല്‍ മറക്കാതെ പങ്കെടുത്തേണ്ട ചടങ്ങാണ് റിപ്പബ്ലിക് ഡേ പരേഡ്. കൂടാതെ കരോള്‍ ബാഗിലെ ഷോപ്പിങ്ങ്, സരോജിനി നഗര്‍ തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കണം.

തണുത്തുറഞ്ഞ നദിയിലൂടെ നടക്കാന്‍ സന്‍സ്‌കാര്‍

ജനുവരിയിലെ ഇന്ത്യയെ വേറെ ലെവലില്‍ നിന്നും കാണാനും അറിയാനും എവിടെയാണ് പോകേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. അത് സന്‍സ്‌കാറാണ്. യാത്രകളില്‍ പുതിയ അനുഭവങ്ങള്‍ തേടുന്നവര് നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കേണ്ട ഈ സ്ഥലം കാശ്മീരിലാണ്. കനത്ത തണുപ്പില്‍ ഒരു നദിയെ മുഴുവനായും മഞ്ഞുപാളിയാക്കുന്ന കാഴ്ചയാണ് ഈ സമയത്തെ ഇവിടുത്തെ ആകര്‍ഷണം. യാത്ര അല്പം കടുപ്പമേറിയതാണെങ്കിലും മനസ്സും ധൈര്യവുമുണ്ടെങ്കില്‍ കൂളായി പോയി വരാന്‍ സാധിക്കും എന്നതില്‍ സംശയമില്ല. അതുകൊണ്ടു തന്നെ ജനുവരിയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളിലൊന്ന് സന്‍സ്‌കാര്‍ തന്നെയാണ്. പാട്‌നിടോപ്പ്, ഫുത്കല്‍ മൊണാസ്ട്രി, പാനിഖാര്‍, സോങ്ഖുല്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ സന്ദര്‍ശിക്കേണ്ടത്. ട്രെക്കിങ്ങി, പാരാഗ്ലൈഡിങ്ങ്,റിവര്‍ റാഫ്ടിങ്ങ്, റോക്ക് ക്ലൈംബിങ്ങ് തുടങ്ങിയവയാണ് ഇവിടെ നടത്തുവാന്‍ പറ്റുന്ന കാര്യങ്ങള്‍.

തെരുവു ഭക്ഷണത്തിന്റെ രുചിയറിയാന്‍ ഹൈദരാബാദ്


ഭക്ഷണ പ്രേമികള്‍ ഒരു യാത്ര നടത്തിലായാല്‍ അതില്‍ ഒത്തുകൂടുവാന് പറ്റിയ ഒരിയമാണ് ഹൈദരാബാദ്. കാലങ്ങളായി കൈമാറി വരുന്ന രാജകീയ രുചികളും തെരുവു രുചികളും ഒക്കെയായി ആരെയും ഒരു കറങ്ങിനടത്തത്തിന് പ്രേരിപ്പിക്കുന്ന സ്ഥലമാണ് ഹൈദരാബാദ്. അധികം ചൂടും അധികം തണുപ്പും അനുഭവപ്പെടാത്ത ജവുനരി മാസമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ കൂടുതല്‍ യോജിച്ച സമയം. ചാര്‍മിനാര്‍, ഗോല്‍കോണ്ട കോട്ട, മെക്കാ മസ്ജിദ്,റാമോജി ഫിലിം സിറ്റി,ഹുസൈന്‍ സാഗര്‍ തടാകം തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാനുള്ള സ്ഥലങ്ങള്‍.

പ്രകൃതിയുടെ മടിത്തട്ടിലിരിക്കുവാന്‍ സിര്‍പൂര്‍
പ്രകൃതിയോട് മുഴുവനായും ചേര്‍ന്ന് ഒരു യാത്ര നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഛത്തീസ്ഗഡിലെ സിര്‍പൂരിലേക്ക് പോകാം. ചരിത്ര സ്മാരകങ്ങളും ഭൂപ്രകൃതിയും ഒക്കെയായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ ഒരു പ്രദേശമാണിത്. ജനുവരിയില്‍ ഇവിടെ സന്ദര്‍ശിച്ചാല്‍ സിര്‍പൂര്‍ നാഷണല്‍ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ സാധിക്കും എന്നതാണ് ആകര്‍ഷണം. ഉര്‍ജാ പാര്‍ക്ക്, ഇസ്‌കോണ്‍ ക്ഷേത്രം, മഡ്കു ദ്വീപ്, നന്ദാവന്‍ ഗാര്‍ഡന്‍, തുടങ്ങിയവയാണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടങ്ങള്‍. ബീച്ച് ക്യാംപിങ്ങ്, ക്ഷേത്ര ദര്‍ശനം, വ്യൂ പോയിന്റുകളില്‍ നിന്നുള്ള കാഴ്ച തുടങ്ങിയ കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കും.

ജീവിക്കുന്ന വേരുകളുടെ കഥ പറയുന്ന ദവാക്കി

Root Bridge, Cherrapunji, Sohra

മഴ ദൈവങ്ങള്‍ കാക്കുന്ന മേഘാലയയുടെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ജീവിക്കുന്ന വേരുകളുടെ കാഴ്ച. വേരുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പാലവും വ്യത്യസ്തമായ നോര്‍ത്ത് ഈസ്റ്റ് കാഴ്ചകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകള്‍. ബാരാപാനി, ചിറാപുഞ്ചി,എലഫന്റ് ഫാള്‍സ്, നോഹ്കലിക ഫാള്‍സ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.