Kerala

പുതുവത്സര ദിനം; കോവളത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി പൊലീസ്

കോവളത്ത് സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണവും ശക്തമാക്കി പൊലീസ്. കോവളം ലൈറ്റ് ഹൗസ്, ഹൗവ്വാ,ഗ്രോവ്, സമുദ്രാ എന്നീ ബീച്ചുകളിലാണ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ് രംഗത്തുള്ളത്. ഇന്ന് രാവിലെ മുതല്‍ ആരംഭിക്കുന്ന പൊലീസ് സുരക്ഷാസംവിധാനങ്ങള്‍ നാളെ രാവിലെ വരെ തുടരും.

ഇതിനായി തീരത്തുടനീളം 400 പൊലിസുകാരെയാണ് വിന്യസിക്കുന്നത്. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സുരക്ഷാ സംവിധാനങ്ങളുടെ ചുമതല.ഇത് കൂടാതെ തിരുവല്ലം മുതല്‍ മുക്കോല വരെയുള്ള ഭാഗങ്ങളില്‍ പോലിസിന്റെ വാഹന പരിശോധനയും ഉണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കും മത്സരയോട്ടം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കുശേഷം കോവളം ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പടുത്തും .വലിയ വാഹനങ്ങളെ തീരത്തേക്ക് കടത്തിവിടില്ല. ആദ്യമെത്തുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കോവളം പോലിസ് സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കിംഗ് അനുവദിക്കും.

പിന്നീട് എത്തുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ലൈറ്റ് ഹൌസ് ഭാഗത്ത് എത്തുന്ന വാഹനങ്ങള്‍ക്ക് മായക്കുന്നില്‍ പാര്‍ക്കിംഗ് സൌകര്യം ഒരുക്കും. ബീച്ചില്‍ വെളിച്ചം ലഭ്യമാക്കുന്നതിന് താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും സാമൂഹ്യ വിരുദ്ധരെയും ആഘോഷം അതിരുവിടുന്നവരെയും കയ്യോടെ പിടികൂടാന്‍ സിസിറ്റിവി ക്യാമറകളും, വീഡിയോ ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്.

ലൈറ്റ് ഹൗസ് ബീച്ചിലെ പോലിസ് കണ്‍ട്രോള്‍ റൂമിനായിരിക്കും സുരക്ഷയുടെ പൂര്‍ണ്ണ നിയന്ത്രണം. തീരത്തും ഇടറോഡുകളിലും ഇരുചക്രവാഹനങ്ങളില്‍ പൊലീസ് പട്രോളിംഗ് ഉണ്ടാകും. യൂണി ഫോം ധരിച്ചവരെക്കൂടാതെ മഫ്തി പൊലീസിന്റെയും, പിങ്ക് പൊലീസിന്റെയും, കുതിര പോലിസിന്റെയും സേവനം തീരത്ത് ഉണ്ടാകും .

കൂടാതെ കടലിനോടടുത്ത് തീരത്ത് പട്രോളിംഗിനായി പ്രത്യേകം നിര്‍മ്മിച്ച പൊളാരിസ് വാഹനത്തില്‍ പൊലീസിന്റെ പട്രോളിംഗും ഉണ്ടാകും. ആംബുലന്‍സ് അടക്കം ആരോഗ്യ വകുപ്പിന്റെ പ്രത്യേകമെഡിക്കല്‍ സംഘം തീരത്ത് ക്യാമ്പ് ചെയ്യും. രാത്രിയില്‍ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിക്കില്ല. രാത്രി 12 മണിയോടെ പുതുവത്സരപ്പിറവി കഴിഞ്ഞാല്‍ ഉടന്‍ തന്നെ തീരത്ത് നിന്നും ആളുകളെ
ഒഴിപ്പിക്കുമെന്നും അധികൃതര്‍ പറഞ്ഞു.