വരുന്നു അത്ഭുത ടെക്‌നോളജിയുമായി ഇന്ത്യന്‍ റെയില്‍വേ
സുരക്ഷാ സംവിധാനങ്ങളുടെ പേരില്‍ നിരന്തരം പഴികേള്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രംഗത്ത്. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയാണ് റെയില്‍വേ കാതലായ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചിട്ടുള്ളത്
വൈഫൈ ശൃംഖല ഉപയോഗിച്ചു ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ചു തല്‍സമയ വിവരങ്ങള്‍ അധികൃതര്‍ക്കു കൈമാറാന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ചു ഫോട്ടോകളും വിഡിയോകളും പകര്‍ത്താന്‍ ശേഷിയുള്ളവയാണ് റോബോട്ടുകള്‍. അണ്ടര്‍ ഗിയര്‍ സര്‍വൈലന്‍സ് ട്രൂ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റഡ് ഡ്രോയ്ഡ് (USTAAD) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്.
സെന്‍ട്രല്‍ റെയില്‍വേയുടെ നാഗ്പൂര്‍ ശാഖയില്‍ വികസിപ്പിച്ചെടുത്ത ഉസ്താദിന്റെ ഏറ്റവും വലിയ സവിശേഷത 360 ഡിഗ്രി തിരിയാന്‍ ശേഷിയുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള കാമറകളുടെ സാന്നിധ്യമാണ്. മനുഷ്യന്റെ കണ്ണില്‍പ്പെടാതെ പോകുന്ന ചെറിയ പിഴവുകള്‍ പോലും കണ്ടെത്താന്‍ ഈ റോബോട്ടുകള്‍ക്കു കഴിയും. എന്‍ജിനീയര്‍മാര്‍ നിര്‍ദേശിക്കുന്നതനുസരിച്ച് ഗിയറിന്റെ അടി ഭാഗത്തു വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇവയ്ക്കു സാധിക്കും. പിടിച്ചെടുക്കുന്ന ഫോട്ടോകളും വിഡിയോകളും തല്‍സമയമായും അല്ലാതെയും എന്‍ജിനീയര്‍മാര്‍ക്കു പരിശോധിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്താനും സുരക്ഷ ഉറപ്പിക്കാനും കഴിയും.
പരീക്ഷണം വിജയകരമാണെങ്കില്‍ അധികം വൈകാതെ തന്നെ രാജ്യത്താകമാനം റെയില്‍വേയുടെ സുരക്ഷ ജോലികള്‍ക്കായി ഈ റോബോട്ടുകള്‍ നിയുക്തരാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വന്‍ അപകടങ്ങളിലേക്കു നയിച്ചേക്കാവുന്ന ചെറിയ പിഴവുകള്‍ വരെ സൂം-ഇന്‍ ചെയ്തു അതിവേഗം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാകുമെന്നത് സുരക്ഷ ഉറപ്പാക്കുന്നതില്‍ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.
ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്കു 24 മണിക്കൂറും ഉത്തരം നല്‍കാന്‍ സഹായിക്കുന്ന ആസ്‌ക് ദിശ (Ask Disha) എന്ന ചാറ്റ്‌ബോട്ട് അടുത്തിടെ റെയില്‍വേ രംഗത്തിറക്കിയിരുന്നു. ഇ-ടിക്കറ്റിങ് വെബ്‌സൈറ്റായ ഐആര്‍സിടിസിയിലാണ് ഒക്ടോബര്‍ മുതല്‍ ചാറ്റ്‌ബോട്ടിന്റെ സഹായം ലഭ്യമായി തുടങ്ങിയത്.