ലോകത്തിലെ മികച്ച വിമാനത്താവളങ്ങളാവാനൊരുങ്ങി ഇസ്താന്‍ബുളും ബെയ്ജിംങും
ലോകത്ത് വിമാനയാത്രകളാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടു തന്നെ ഏവിയേഷന്‍ സംവിധാനം ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് കൊണ്ടു വരുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് വിമാനത്താവളങ്ങളായ ഇസ്താന്‍ബുളും ബെയ്ജിംങും.
” അടുത്ത ഒരു പതിനേഴ് വര്‍ഷത്തിനുള്ളില്‍ ഗതാഗതം ഇരട്ടിയാകുമെന്നാണ് ഞങ്ങളുടെ കണ്ടെത്തല്‍. ലക്ഷക്കണക്കിന് ആളുകളായിരിക്കും വിമാനയാത്ര തിരഞ്ഞെടുക്കുക” – എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(A.C.I. World) ഡയറക്ടര്‍ ജനറല്‍ അഞ്ജല ജിറ്റെന്‍സ് വ്യക്തമാക്കി.
ഇതിനായി പുതിയതും മികച്ച സംവിധാനങ്ങളുള്ളതുമായ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കേണ്ടതാണ്. ഇസ്താന്‍ബുള്‍ പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഒരുവര്‍ഷം ലക്ഷക്കണക്കിന് യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിമാനത്താവളമായിരിക്കും ഇത്. ബെയ്ജിംങും അടുത്ത വര്‍ഷം പുതിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ്.
ഇസ്താന്‍ബുള്ളിലെ പുതിയ എയര്‍പോര്‍ട്ട് ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായിരിക്കും. എന്നാല്‍ 2019-ല്‍ പണിപൂര്‍ത്തിയാകുമ്പോള്‍ ബെയ്ജിംങിലെ ഡാക്സിംങ് എയര്‍പോര്‍ട്ടായിരിക്കും ഇതിനേക്കാള്‍ വലിയ എയര്‍പോര്‍ട്ട്. 2016-ല്‍ മരിക്കുന്നതിന് മുന്‍പ് സാഹ ഹാദിദാണ് ബെയ്ജിംങിലെ ഈ എയര്‍പോര്‍ട്ട് രൂപകല്‍പ്പന ചെയ്തത്. 7.5 മില്യണ്‍ ചതുരശ്ര അടിയായിരിക്കും ഇതിന്റെ വിസ്തീര്‍ണ്ണം.
” മുന്‍പ് ആരും ചിന്തിക്കാത്ത തരത്തിലുള്ള വിമാനത്താവളങ്ങളായിരിക്കും ഈ പുതിയ വിമാനത്താവളങ്ങള്‍. വിമാനത്തിലേക്ക് കയറുന്ന ഗേറ്റ് വരെയുള്ള വഴികള്‍ യാത്രക്കാര്‍ക്ക് മടുപ്പുളവാക്കുന്നു.” – ഇസ്താന്‍ബുള്‍ എയര്‍പോര്‍ട്ട് രൂപകല്‍പ്പന ചെയ്ത ആര്‍ക്കിടെക് സ്ഥാപനമായ ഗ്രിംഷോയുടെ പാര്‍ട്ണര്‍ ആന്‍ഡ്രൂ തോമസ് വ്യക്തമാക്കി.
പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനം പെട്ടെന്ന് കണ്ടെത്താന്‍ സഹായിക്കുമെന്ന് ജിറ്റെന്‍സ് പറഞ്ഞു. ” എല്ലായിടത്തും ബയോമെട്രിക് സംവിധാനം ഉള്‍പ്പെടുത്തേണ്ടതാണ്. ആളുകളെ നിയന്ത്രിക്കുന്നതും നീണ്ട ക്യൂവുമൊക്കെയുള്ള സംവിധാനം ഒഴിവാക്കാവുന്നതാണ്.” – അവര്‍ കൂട്ടിച്ചേര്‍ത്തു.
ബയോമെട്രിക്, ഫേഷ്യല്‍ റിക്കൊഗ്നേഷന് ടെക്നോളജി എന്നിവ ഈ വിമാനത്താവളങ്ങളില്‍ ഉപയോഗിക്കാമെന്ന് തോമസും സമ്മതിക്കുന്നു. കൂടുതല്‍ സാങ്കേതികവിദ്യയും, യന്ത്രങ്ങളും വരുന്നതോടെ ആളുകള്‍ക്ക് വേഗത്തില്‍ യാത്രാസൗകര്യവും ഒരുക്കാന്‍ സാധിക്കുന്നു. എങ്കിലും ഇസ്താന്‍ബുള്ളില്‍ ചെക്ക് ഇന്‍ സ്റ്റാഫുകള്‍ ഉണ്ടായിരിക്കും. അവര്‍ കൂടുതല്‍ കസ്റ്റമര്‍ സര്‍വ്വീസായിരിക്കും നല്‍കുന്നതെന്ന് തോമസ് പറഞ്ഞു.
ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കും. എയര്‍ലൈന്‍സുകള്‍ക്കും ഈ പുതിയ സൗകര്യങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുമെന്നും ജിറ്റെന്‍സ് പറഞ്ഞു.
” ഓട്ടോമേറ്റഡ് ചെക്കിംഗ് കുറച്ചു കൂടി വിപുലീകരിക്കാനാണ് ബെയ്ജിംങ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ലെവലാണ് വിമാനത്താവളങ്ങളിലുള്ളത്. ഒന്ന് ഡിപ്പാര്‍ച്ചറിലും ഒന്ന് അറൈവലിലും. എന്നാല്‍ ഡാക്സിംങ് ഇന്റര്‍നാഷണില്‍ മൂന്നാമത് ഒരു സംവിധാനം കൂടി ഒരുക്കുന്നതായിരിക്കും. പ്രാദേശിക യാത്രക്കാര്‍ക്ക് ടിക്കറ്റ് ഏജന്റുകളും മറ്റും ഒഴിവാക്കി സ്വയം പ്രക്രിയ സംവിധാനം ഒരുക്കുന്നതായിരിക്കും. ഒരു ട്രെയിന്‍ യാത്ര പോലെ തന്നെ എല്ലാം എളുപ്പമായിരിക്കും.” -സാഹ ഹാദിദ് ആര്‍ക്കിടെക് അസോസിയേറ്റ് ഡയറക്ടറായ ക്രിസ്റ്റിയാനോ സികാറ്റോ പറഞ്ഞു.
ഇസ്താന്‍ബുളും ബെയ്ജിംങുമാണ് നിലവിലത്തെ ഏറ്റവും വലിയ പ്രൊജക്ട്. ലോകത്തെ മറ്റ് വിമാനത്താവളങ്ങളും പുതിയ സാങ്കേതികവിദ്യയും സൗകര്യങ്ങളും ഒരുക്കാനുള്ള തീരുമാനത്തിലാണ്. ന്യൂയോര്‍ക്കിലെ ലോസ് എഞ്ചെല്സ് ഇന്റര്‍നാഷണലും, ലാ ഗാര്‍ഡിയ എയര്‍പോര്‍ട്ടും പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. ലണ്ടനിലെ ഹീത്രോ എയര്‍പോര്‍ട്ട് മൂന്നാമത് ഒരു റണ്‍വേ കൂടി നിര്‍മ്മിക്കുകയാണ്. ആംസ്റ്റെഡാമിന് സമാനമായ പദ്ധതികള്‍ വരും വര്‍ഷങ്ങളില്‍ നിര്‍മ്മിക്കാന്‍ വേണ്ടിയുള്ള പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ബെര്‍ലിനും സിഡ്നിയും പുതിയ എയര്‍പോര്‍ട്ടുകള്‍ ഉടന്‍ തന്നെ നിര്‍മ്മിക്കുമെന്നാണ് റിപ്പോര്‍ട്ട്.