Kerala

മാര്‍ച്ചോടെ കണ്ണൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ പറന്നേക്കും

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ജനുവരിയില്‍ കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് തുടങ്ങും. ജെറ്റ് എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നിവയാണ് ആദ്യം സര്‍വീസ് ആരംഭിക്കുക. ജനുവരി 25 മുതല്‍ ഇന്‍ഡിഗോ പ്രതിദിന ആഭ്യന്തര സര്‍വീസ് നടത്തും. ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ ഇന്‍ഡിഗോ പ്രതിദിന സര്‍വീസ്. മാര്‍ച്ചോടെ രാജ്യാന്തര സര്‍വീസും ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

മാര്‍ച്ചില്‍ ജെറ്റ് എയര്‍ലൈന്‍സും സര്‍വീസ് ആരംഭിക്കും. ആഭ്യന്തര സര്‍വീസും രാജ്യാന്തര സര്‍വീസും ഉണ്ടായിരിക്കും. ഗോ എയറിനു ഗള്‍ഫ് സര്‍വീസിന് അനുമതി ലഭിച്ചിട്ടുണ്ട്. മസ്‌കത്തിലേക്കു ജനുവരി 1നു സര്‍വീസ് തുടങ്ങാനാവുമെന്നാണു പ്രതീക്ഷ. അബുദാബി, ദമാം എന്നിവിടങ്ങളിലേക്കും ജനുവരിയില്‍ സര്‍വീസ് ഉണ്ടാവും.

കുവൈറ്റ്, ദോഹ സര്‍വീസുകള്‍ക്കു കേന്ദ്രത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്നും ഗോ എയര്‍ പ്രതിനിധി പറഞ്ഞു. എയര്‍ ഇന്ത്യ എക്‌സ്പ്രസിനോട് ആഭ്യന്തര സര്‍വീസ് നടത്താന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ ഡല്‍ഹിയില്‍ നിന്നു കണ്ണൂരിലേക്കാകും ആദ്യ സര്‍വീസ്. എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കണ്ണൂരില്‍ നിന്നു സര്‍വീസ് തുടങ്ങാനും പദ്ധതിയുണ്ട്. മാര്‍ച്ചോടെ വിദേശ വിമാന കമ്പനികള്‍ക്കും സര്‍വീസിന് അനുമതി ലഭിക്കാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ പറഞ്ഞു.