ഭീതി നിറച്ച ആ ഗുഹ ഇപ്പോള്‍ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

17 ദിവസം ഭീതിയുടെ മുള്‍മുനയില്‍ ലോകത്തിനെ മുഴുവന്‍ നിര്‍ത്തിയ പാര്‍ക്ക് ആന്‍ഡ് കേവ് കോംപ്ലക്‌സ് ഈ മാസം വീണ്ടും തുറന്നപ്പോള്‍ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി മാറിയിരിക്കുകയാണ്.


ജൂണ്‍ മാസം 12 പേരടങ്ങുന്ന ഫുട്‌ബോള്‍ ടീമിനെയും കോച്ചിനെയും ചിയാങ് റായ് പ്രവിശ്യയിലെ താം ലോങ്ങ്-ഖുന്‍ നാങ് നോണ്‍ ഫോറെസ്റ്റ് പാര്‍ക്കില്‍ നിന്ന് രക്ഷപ്പെടുത്തിയ വാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു. എന്നാല്‍, നവംബര്‍ 16-ന് കേവ് കോംപ്ലക്‌സ് വീണ്ടും തുറന്നപ്പോള്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് എത്തിയത്.

എന്നാല്‍ ഫുട്‌ബോള്‍ ടീം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്ന താം ലോങ്ങ് ഗുഹ മാത്രം അടച്ചിട്ടിരുന്നു. ഇവിടേക്ക് സന്ദര്‍ശകരെ നിരോധിച്ചിരിക്കുകയാണ്. സൂവനീര്‍, ടീ ഷര്‍ട്ടുകള്‍, ഭക്ഷണം എന്നിവ വില്‍ക്കുന്ന നൂറില്‍ കൂടുതല്‍ സ്റ്റാളുകള്‍ വഴിയരികില്‍ ഒരുക്കിയിട്ടുണ്ട്.

ഇതിന് മുന്‍പും കുറേ തവണ താം ലോങ്ങ് ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഇപ്പോള്‍ ആളുകള്‍ വളരെ സന്തോഷത്തിലാണ്. ടീമിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത വന്നതോടെ ഇന്ന് കേവ് ലോകം മൊത്തം പ്രശസ്തമാണ്.

തായ്ലന്‍ഡിലെ കാട് പിടിച്ചു കിടക്കുന്ന ഒരു കുന്നിന് താഴെയാണ് ഈ പാര്‍ക്ക്. ഇപ്പോള്‍ താം ലോങ്ങ് ഗുഹയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കുറെ ദൂരെ നിന്ന് തന്നെ ഈ സ്ഥലം കാണാന്‍ കഴിയും. ബുദ്ധ, നാഗ, കമോയിസ് എന്നീ മൂന്ന് ഗുഹകള്‍ സന്ദര്‍ശിക്കാനും കഴിയും. രക്ഷാ ദൗത്യത്തെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ മരിച്ച സമന്‍ ഗുണനിന്റെ ഓര്‍മ്മക്കായി ഒരു മ്യൂസിയം ഇവിടെ വരാന്‍ പോകുകയാണ്. പാര്‍ക്കിന് അടുത്ത് ഒരു റിസോര്‍ട്ടും ഉടന്‍ നിര്‍മ്മിക്കും.

താം ലോങ്ങ് ഗുഹയുടെ മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ നിരവധി പേര്‍ നില്‍പ്പുണ്ട്.17 ദിവസം ഭയത്തോടെയാണ് ലോകം ഈ ഗുഹയെ കണ്ടത്. ഇപ്പോള്‍ ആളുകള്‍ സന്തോഷത്തോടെ എത്തുന്നഒരു മേഖലയാണിത്.