Kerala

പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയാകാന്‍ രാജ്യറാണി

നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്‌സ്പ്രസ് പുതുവര്‍ഷത്തില്‍ സ്വതന്ത്ര തീവണ്ടിയായി സര്‍വീസ് നടത്തും. ഇതുസംബന്ധിച്ച നിര്‍ദേശത്തിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിലഭിച്ചു. ഫയലില്‍ റെയില്‍വേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാല്‍ പുതുവര്‍ഷത്തില്‍ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്ന് പി.വി. അബ്ദുല്‍വഹാബ് എം.പി പറഞ്ഞു.

സ്വതന്ത്രസര്‍വീസ് ആരംഭിക്കുന്നത് മലബാറിലെ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്വാസകരമാകും. രാജ്യറാണി സ്വതന്ത്ര തീവണ്ടിയാകുന്നതോടെ കൊച്ചുവേളിയില്‍നിന്നാകും നിലമ്പൂരിലേക്ക് പുറപ്പെടുക. ഇപ്പോള്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസില്‍ ചേര്‍ത്താണ് ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്.

ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണിപ്പോള്‍. എട്ടിനുപകരം 16 കോച്ചുകള്‍ കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയിലുണ്ടാകും. എ.സി. ടു ടയര്‍-1, എ.സി. 3 ടയര്‍-2, സെക്കന്‍ഡ്ക്ലാസ് സ്ലീപ്പര്‍കോച്ച് -7, ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്-4, എസ്.എല്‍.ആര്‍-2 എന്നിങ്ങനെയാകുമിത്.

അമൃതയ്ക്കു മുന്‍പായി രാത്രി 10.15-ന് ആകും രാജ്യറാണി കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുക. മടക്കയാത്രയിലും അമൃതയ്ക്കു മുന്നില്‍ രാവിലെ 6.10-ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.