Kerala

ഹെഡ്‌ലൈറ്റ് തെളിക്കാം; ഹര്‍ത്താലിനോട് നോ പറയാം

അടിക്കടി കേരളത്തിലുണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലുടനീളം വിവിധ സംഘടനകള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി മുന്നോട്ട് വന്നു കഴിഞ്ഞു.


ഇവരില്‍ നിന്ന് വ്യത്യസ്തമായി ഫേസ്ബുക്കിലെ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ‘ലൈറ്റ് തെളിക്കാം’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.

നാളെ രാവിലെ 9മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വാഹനങ്ങളുടെ ഹെഡ് ലൈറ്റ് തെളിയിച്ചാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. ടൂറിസം മേഖലയിലെ വിവിധ സംഘടനകളും, ഹോസ്പിറ്റാലിറ്റി മേഖലയും പ്രതിഷേധ റാലിയില്‍ പങ്കാളികളാകും. കൂടാതെ
കേരളത്തിലെ മുഴുവന്‍ നിരത്തുകളില്‍ നാളെ വാഹനങ്ങള്‍ ഹെഡ് ലൈറ്റ് തെളിയിച്ചു പ്രതിഷേധിക്കും.

അടിക്കടി നടക്കുന്ന ഹര്‍ത്താലുകള്‍ മൂലം വിവിധ മേഖലകളില്‍ കടുത്ത സാമ്പത്തിക നഷ്ടമാണ് സംഭവിക്കുന്നത്. വിനോദ സഞ്ചാരത്തെ കൂടുതല്‍ ആശ്രയിക്കുന്നു കേരളത്തില്‍ഹര്‍ത്താലുകള്‍ കാരണം കോടികളുടെ നഷ്ടം ഉണ്ടായി.

കഴിഞ്ഞ വര്‍ഷം 100 ദിവസത്തിലധികം ഹര്‍ത്താലിലൂടെ നഷ്ടപ്പെട്ടു. ഈ വര്‍ഷം ഇതുവരെ 97 ഹര്‍ത്താലുകളാണ് നടന്നത്.

സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ഇനി ഹര്‍ത്താലുകളെ പിന്തുണയ്ക്കില്ലെന്ന് നിലപാട് എടുത്തിട്ടുണ്ട്. ഹര്‍ത്താലുകളുടെ ഭാഗമാകില്ലെന്നും ഹര്‍ത്താല്‍ ദിനങ്ങളില്‍ കട തുറക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണ നല്‍കി ബസ് ഉടമകള്‍ ഉള്‍പ്പെടെയുള്ള 32 സംഘടനകളുമുണ്ട്.