Kerala

വീണ്ടും ക്രിക്കറ്റ് പൂരത്തിനൊരുങ്ങി കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഹബ് സ്റ്റേഡിയം

തലസ്ഥാനത്തു വീണ്ടും രാജ്യാന്തര ക്രിക്കറ്റ് ആവേശത്തിന് അരങ്ങൊരുങ്ങുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച് ഏകദിനങ്ങള്‍ക്കു കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ജനുവരി 23,25,27,29,31 തിയതികളിലാണ് ഏകദിനപരമ്പര. 16,17 തിയതികളില്‍ ബോര്‍ഡ് പ്രസിഡന്റ് ടീമിനെതിരെ പരിശീലനമല്‍സരങ്ങളും നടക്കും. പരമ്പരയ്ക്കു മുന്നോടിയായി സ്‌പോര്‍ട്‌സ് ഹബില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.

ഇംഗ്ലണ്ട് സീനിയര്‍ ടീം താരങ്ങളായിരുന്ന സാം ബില്ലിങ്‌സ്, ബെന്‍ ഡെക്കറ്റ്, ഓലി പോപ്പ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏകദിനപരമ്പരയില്‍ കളിക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ പരമ്പര കുട്ടിക്കളിയാകില്ലെന്നുറപ്പ്. ഇന്ത്യന്‍ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും. രഞ്ജി ട്രോഫി പ്രാഥമികഘട്ട മല്‍സരങ്ങള്‍ അവസാനിക്കും എന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ ടീമില്‍ ഇടംപിടിക്കുമെന്ന പ്രതീക്ഷയും ക്രിക്കറ്റ് പ്രേമികള്‍ക്കുണ്ട്.

ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കു പിന്നാലെ അണ്ടര്‍ 19 ടീമുകളുടെ ചതുര്‍രാഷ്ട്ര പരമ്പരയ്ക്കും സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വേദിയാകും. ദക്ഷിണാഫ്രിക്ക, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരായിരിക്കും പരമ്പരയില്‍ പങ്കെടുക്കുകയെന്നാണു സൂചന. ഇതിലും കേരള താരങ്ങള്‍ക്കു സാധ്യതയുണ്ട്.